ജനമൈത്രി പൊലീസിന്റെ കരുതലിൽ കുഞ്ഞമ്മയ്ക്കും മകൾക്കും സുരക്ഷിത ഭവനമൊരുങ്ങി, താക്കോൽദാനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു.


കുമരകം: ജനമൈത്രി പൊലീസിന്റെ കരുതലിൽ കുമരകം സ്വദേശിനി കുഞ്ഞമ്മയ്ക്കും മകൾക്കും സുരക്ഷിത ഭവനമൊരുങ്ങി. വെള്ളപ്പൊക്കത്തിൽ വീടു തകർന്ന കുമരകം അമ്പത്താറിൽ കുഞ്ഞമ്മയ്ക്കും മകൾ സന്ധ്യയും ഇവരുടെ 4 മക്കളും അടങ്ങുന്ന കുടുംബത്തിനാണു ജനമൈത്രി പൊലീസിന്റെ കരുതലിൽ വീട് എന്ന സ്വപ്‌നം യാഥാർത്ഥ്യമായത്.

 

വീടിന്റെ താക്കോൽദാനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. പഴയ വീട് ഇരുന്ന സ്ഥാനത്തു തന്നെ പ്രളയത്തെ പ്രതിരോധിക്കുന്ന വീടാണ് ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത്. 8.5 ലക്ഷം രൂപ ചെലവഴിച്ച് പുത്തൻ സാങ്കേതിക വിദ്യയിലാണ് വീടിന്റെ നിർമ്മാണം. 5 അടി ഉയരത്തിലുള്ള കോൺക്രീറ്റ് തൂണുകളുടെ മുകളിലായാണു വീട് നിലനിൽക്കുന്നത്. വെള്ളം ഉയർന്നാൽ വീടിന് കേടുപാടുകൾ സംഭവിക്കാതെ വെള്ളം വീടിനു അടിയിലൂടെ ഒഴുകിപ്പോകും വിധമാണ് നിർമ്മാണം.

 

സ്‌കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികൾക്ക് വീടില്ലാത്ത വിവരം കുമരകം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ലിയ തോമസ് സ്‌കൂൾ പിടിഎ പ്രസിഡന്റും ജനമൈത്രി പൊലീസ് ജില്ല അസിസ്റ്റന്റ് നോഡൽ ഓഫിസറുമായിരുന്ന എൻ.വി.സരസിജനെ അറിയിച്ചതിനെത്തുടർന്നാണ് ഒരു വർഷം മുൻപു വീടു പണിയാനുള്ള നീക്കം തുടങ്ങിയത്. സുമനസ്സുകളുടെയും  ജനമൈത്രി സമിതി അംഗങ്ങളുടെയും സഹായത്തോടെ നിർമാണസാമഗ്രികൾ വാങ്ങി വീട് നിർമ്മാണം പൂർത്തികരിക്കുകയായിരുന്നു.