പ്രളയത്തിൽ തകർന്ന കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു.


കാഞ്ഞിരപ്പള്ളി: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തെ തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ച കാഞ്ഞിരപ്പള്ളി - എരുമേലി സംസ്ഥാനപാതയിലെ ഇരുപത്തിയാറാം മൈൽ പാലം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഇന്ന് രാവിലെ പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു.

 

പ്രളയത്തിൽ പാലം തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി പാലം അടച്ചിട്ടിരിക്കുകയായിരുന്നു. ചെറുവാഹനങ്ങൾക്ക് മാത്രമായിരുന്നു ഇതുവഴി ഗതാഗതം അനുവദിച്ചിരുന്നത്. തന്മൂലം ബസ് യാത്രക്കാരും ചരക്ക് വാഹനങ്ങളും വളരെയേറെ ദുരിതം അനുഭവിച്ചിരുന്നു. ശബരിമല തീർത്ഥാടനം കാലത്തും വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. പാലം പുനരുദ്ധരിക്കുന്നതിനു വേണ്ടി അടിയന്തരമായി 19.60 ലക്ഷം രൂപ അനുവദിച്ച് യുദ്ധകാലടിസ്ഥാനത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് നിർമ്മാണം നടത്തുകയായിരുന്നു എന്ന് എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു .

 

പുതിയ പാലം നിർമ്മിക്കുന്നതിന് വിശദമായ പ്രോജക്ട്  റിപ്പോർട്ടും രണ്ടേമുക്കാൽ കോടി രൂപ അടങ്കൽ തുകയുള്ള  എസ്റ്റിമേറ്റും സമർപ്പിച്ചിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.ചടങ്ങിൽ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.ആർ അനുപമ, ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ് പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷക്കീല നസീർ, ടി.ജെ. മോഹനൻ, പാറത്തോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സിന്ധു മോഹൻ, പാറത്തോട് ഗ്രാമപഞ്ചായത്ത് മെമ്പർ സിയാദ്  കട്ടുപ്പാറ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ. പി. എ. ഷമീർ  തുടങ്ങിയവർ പങ്കെടുത്തു.