കാഞ്ഞിരപ്പള്ളി: ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകളും സഹായങ്ങളും വിഫലമാക്കി തന്റെ പൊന്നോമനകളായ ഇരട്ടക്കുട്ടികളുടെ മുഖം ഒരു നോക്ക് കാണാനാകാതെ വേദനകളില്ലാത്ത ലോകത്തേക്ക് കൃഷ്ണപ്രിയ യാത്രയായി. കാഞ്ഞിരപ്പള്ളി തമ്പലക്കാട് പാറയിൽ വീട്ടിൽ ഷാജി-അനിത ദമ്പതികളുടെ മകൾ കൃഷ്ണപ്രിയ(24)യാണ് പ്രസവാനന്തര ശസ്ത്രക്രിയയെ തുടർന്ന് അബോധാവസ്ഥയിലാകുകയും ഗരുതരാവസ്ഥയിലായതിനെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് മരണമടയുകയും ചെയ്തത്.
ജനുവരി 29 നാണു കൃഷ്ണപ്രിയയ്ക്ക് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സിസേറിയനിലൂടെ ഇരട്ടക്കുട്ടികൾ ജനിച്ചത്. പിറ്റേദിവസം ശ്വാസം മുട്ടൽ അനുഭവപ്പെടുകയും തുടർന്ന് കൃഷ്ണപ്രിയ അബോധാവസ്ഥയിലാകുകയുമായിരുന്നു. തുടർന്ന് ബന്ധുക്കൾ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വയറ്റിൽ അണുബാധയുണ്ടായതായി കണ്ടെത്തുകയും ഗർഭപാത്രം എടുത്തുമാറ്റുന്നതുൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തിരുന്നു.
ഇതിനിടെ കൃഷ്ണപ്രിയയ്ക്ക് രക്തസമ്മർദം കുറയുകയും സെപ്റ്റിക് ഷോക്ക് ഉണ്ടാവുകയും ചെയ്തു. ഇത് വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചതായും ഡോക്ടർമാർ ബന്ധുക്കളെ വിവരമറിയിച്ചിരുന്നു. തുടർന്ന് രാജഗിരി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പ്രവേശിക്കുകയും ചെയ്യുകയായിരുന്നു. ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപയിലധികം ചെലവായി. തുടർ ചികിത്സയ്ക്ക് 15 ലക്ഷം രൂപയോളം ആവശ്യമായി വന്നിരുന്നതിനാൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും സഹായം അഭ്യർത്ഥിച്ചിരുന്നു. നിരവധി സുമനസ്സുകളാണ് സഹായഹസ്തവുമായി മുന്നോട്ടു വന്നത്. മൂവാറ്റുപുഴ ആയവന പാലനിൽക്കുംപറമ്പിൽ പ്രവീണാണ് കൃഷ്‌ണപ്രിയയുടെ ഭർത്താവ്.