കോട്ടയം: കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ ഡിജിറ്റൽ ജില്ലയായി നമ്മുടെ കോട്ടയം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എസ് എൽ ബി സി കേരളയുടെയും ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടുകൂടി കോട്ടയം ലീഡ് ബാങ്ക് നടപ്പാക്കിയ ഡിജിറ്റൽ കോട്ടയം പദ്ധതിയിലൂടെയാണ് സമ്പൂർണ ഡിജിറ്റൽ ജില്ലയായി മാറിയത്. തൃശൂരാണ് സംസ്ഥാനത്ത് ആദ്യ ഡിജിറ്റൽ ജില്ലയായത്.
കോട്ടയം ജില്ലയിലെ വിവിധ ബാങ്കുകളിലെ 50 ലക്ഷം സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകളേയും 70,000 വ്യവസായിക അക്കൗണ്ടുകളെയും ഏതെങ്കിലും ഒരു ഡിജിറ്റൽ സേവനം ഉപയോഗിക്കാൻ പര്യാപ്തമാകുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഒക്ടോബർ 2021ൽ തുടക്കംകുറിച്ച പദ്ധതി മുഖേന ജില്ലയിലെ വിവിധ ഇടങ്ങളിൽ 750 പരം ഡിജിറ്റൽ ബോധവൽക്കരണ ക്യാമ്പുകൾ ലീഡ് ബാങ്കിന്റെയും എഫ്.എൽ.സി യുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു. ചെറുകിട-തെരുവോര കച്ചവടക്കാർ, ഓട്ടോറിക്ഷ-ടാക്‌സി തൊഴിലാളികൾ, എന്നിങ്ങനെ ചെറിയ തുകകൾ കൈമാറ്റം ചെയ്യുന്ന സമൂഹത്തെ ആധുനിക പണമിടപാട് മാർഗങ്ങളിലേക്ക് കൊണ്ടുവരികയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ ജില്ലാ കളക്ടർ ഡോ. പി കെ. ജയശ്രീ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.എൽ.ബി.സി. കൺവീനറും കാനറ ബാങ്ക് ജനറൽ മാനേജരുമായ എസ്. പ്രേംകുമാർ കോട്ടയം ജില്ലയെ സമ്പൂർണ ഡിജിറ്റൽ ജില്ലയായി പ്രഖ്യാപിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ ഡയറക്ടർ റീനി അജിത്ത്, എസ്.ബി.ഐ. കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ശ്രീകാന്ത്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ സെഡ്‌റിക് ലോറൻസ്, എസ്.ബി.ഐ. ജനറൽ മാനേജർ വന്ദന മെഹറോത്ര, എസ്.ബി.ഐ. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സുരേഷ് വാക്കിയിൽ, എസ്. സന്തോഷ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് മിനിമോൾ ലിസ് തോമസ്, നബാർഡ് ഡി.ഡി.എം. റെജി വർഗീസ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജണൽ മാനേജർ ജയദേവ് നായർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം എൽ.ഡി.ഒ. എ.കെ. കാർത്തിക്, കോട്ടയം ജില്ല ലീഡ് ഡിസ്ട്രിക്ട് മാനേജർ വി. വിനോദ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.