ഏകീകൃത തദ്ദേശസ്വയംഭരണവകുപ്പ് യാഥാർഥ്യമായി അധികാര വികേന്ദ്രീകരണ പ്രക്രിയയിലെ അർത്ഥവത്തായ ദിനം; ഡോ. എൻ. ജയരാജ്.


കോട്ടയം: അധികാര വികേന്ദ്രീകരണ പ്രക്രിയയിലെ അർത്ഥവത്തായ സുദിനമാണ് ഏകീകൃത തദ്ദേശസ്വയംഭരണവകുപ്പ് രൂപീകരണത്തിലൂടെ സാധ്യമായതെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പറഞ്ഞു. ജില്ലാതല തദ്ദേശസ്വയംഭരണ ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം മാമൻമാപ്പിള ഹാളിൽ നടന്ന  തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കുള്ള ജില്ലാതല പുരസ്‌കാരവിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

ഏകീകൃത ഡയറക്ടറേറ്റ് പ്രാബല്യത്തിൽ വരുന്നതോടെ ജനകീയാസൂത്രണത്തിന്റെ നല്ല അനുഭവങ്ങളുടെ വെളിച്ചത്തിൽ കുറവുകൾ സ്വാംശീകരിച്ച്, തെറ്റുകൾ തിരുത്തിക്കൊണ്ട്, മികച്ച ഏകോപനത്തോടെ സമയബന്ധിതമായി പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ ത്രിതല പഞ്ചായത്തുകൾക്കു കഴിയണം. മികച്ച നടപടികൾ തദ്ദേശതലത്തിൽ കൈക്കൊള്ളുന്നതിലൂടെ അനുകരണീയമായ തദ്ദേശ മാതൃകകൾ ജില്ലയിലുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

 

പ്രവർത്തനമികവിൽ ഒന്നാംസ്ഥാനം നേടിയ കുറവിലങ്ങാട് പഞ്ചായത്തിനും രണ്ടാം സ്ഥാനം നേടിയ മരങ്ങാട്ടുപള്ളി പഞ്ചായത്തിനും ജില്ലാതല സ്വരാജ് ട്രോഫി വിതരണം ചെയ്തു. തൊഴിലുറപ്പു പദ്ധതിയിൽ മികവു പുലർത്തിയതിനുള്ള ജില്ലാതല മഹാത്മാ പുരസ്‌കാരം തലയാഴം ഗ്രാമപഞ്ചായത്തിന് നൽകി. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി തങ്കമ്മ ജോർജുകുട്ടി, ജില്ലാ പ്രസിഡന്റ് കെ.സി. ബിജു, ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ, തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ മേധാവിയുടെ ചുമതല വഹിക്കുന്ന ബിനു ജോൺ, അസിസ്റ്റന്റ് ഡയറക്ടർ പി. രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ദേശീയ ഭിന്നശേഷി പുരസ്‌കാര ജേത്രിയായ രശ്മി മോഹനെ ചടങ്ങിൽ ആദരിച്ചു. ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഏകീകൃത തദ്ദേശസ്വയംഭരണവകുപ്പിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു. ചടങ്ങിന്റെ തത്സമയ സംപ്രേഷണം കാണുന്നതിന് എല്ലാ ബ്ലോക്കുകളിലും സംവിധാനമൊരുക്കിയിരുന്നു.