കോട്ടയം സ്വദേശിയെ കപ്പൽ യാത്രയ്ക്കിടെ കാണാതായ സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി.


കോട്ടയം: കോട്ടയം സ്വദേശിയെ കപ്പൽ യാത്രയ്ക്കിടെ കാണാതായ സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി. സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണാതായ കപ്പൽ ജോലിക്കാരനായ കോട്ടയം സ്വദേശിയെ കണ്ടെത്താൻ അടിയന്തിര   ശ്രമങ്ങൾ കേന്ദ്ര സർക്കാർ സൗത്ത് ആഫ്രിക്കൻ ഇന്ത്യൻ ഹൈക്കമീഷൻ വഴി നടത്തണമെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ജസ്റ്റിന്റെ കുടുംബത്തിന് നല്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്‌ കത്ത് നൽകുകയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ പാർലമെന്റിൽ മന്ത്രിയുടെ ഓഫീസിൽ നേരിട്ട് കണ്ട്‌ അഭ്യർത്ഥിക്കുകയും ചെയ്‌തതായി കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.

 

കുറിച്ചി വലിയിടത്തിറ വീട്ടിൽ ജസ്റ്റിൻ കുരുവിള(30) യെയാണ് സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണാതായത്.  സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കു പോകുകയായിരുന്ന സ്ട്രീം അറ്റ്ലാന്റിക്ക് എന്ന കപ്പലിൽ നിന്നുമാണ് ജെസ്റ്റിനെ കാണാതായത്. സംഭവത്തിൽ സൗത്ത് ആഫ്രിക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് അടിയന്തര സന്ദേശമയക്കുകയും ചെയ്‌തു എന്ന് എം പി പറഞ്ഞു. യുവാവിനെ കാണാതായ വിവരം കപ്പൽ കമ്പനി അധികൃതർ തന്നെയാണ് കോട്ടയത്തെ ബന്ധുക്കളെ അറിയിച്ചത്.

 

ബുധനാഴ്ച്ച രാവിലെയാണ് ജെസ്റ്റിനെ കാണാതായതായി കപ്പൽ കമ്പനി അധികൃതർ ബന്ധുക്കളെ വിവരമറിയിച്ചത്. ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച ജസ്റ്റിൻ 4 വർഷങ്ങളായി സ്ട്രീം അറ്റ്ലാന്റിക്ക് എന്ന കപ്പലിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 31 നു ആണ് കപ്പൽ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കു യാത്ര തിരിച്ചത്. കപ്പലിലെ കുക്കായി ജോലി ചെയ്യുകയായിരുന്നു ജസ്റ്റിൻ. ഈ മാസം 23 നാണു കപ്പൽ അമേരിക്കയിൽ എത്തുക. യുവാവിനെ കാണാതായ വിവരം ലഭിച്ചതോടെ സഹോദരൻ സ്റ്റെഫിൻ ജനപ്രതിനിധികളെ വിവരമറിയിക്കുകയായിരുന്നു. ജസ്റ്റിൻ കുരുവിളയെ സംബന്ധിച്ച് അന്വേഷണം നടത്താൻ  വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവർ അഭ്യർത്ഥിച്ചു. സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട് വി എൻ വാസവൻ പറഞ്ഞു. ഞായറാഴ്ചയാണ് ജസ്റ്റിൻ അവസാനമായി ബന്ധുക്കളോട് ഫോണിൽ സംസാരിച്ചത്. പിന്നീട് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഫോൺ വിളിച്ചിട്ടുണ്ടായിരുന്നില്ല. തുടർന്ന് ബുധനാഴ്ച രാവിലെ കപ്പൽ കമ്പനി അധികൃതർ ജെസ്റ്റിനെ കാണാനില്ല എന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം വൈശാഖിന്റെ നേതൃത്വത്തിൽ കൊടിക്കുന്നിൽ സുരേഷ് എം പിയുമായും ശശി തരൂർ എം പി യുമായും ബന്ധപ്പെട്ടു വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. ജെസ്റ്റിനെ കാണാതായ സംഭവത്തിൽ സഹോദരൻ സ്റ്റെഫിൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെടുകയും സംഭവത്തിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവുമായി ബന്ധപ്പെട്ടു ഉടൻ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്. എംഎൽഎ ജോബ് മൈക്കിൾ ജെസ്റ്റിന്റെ വീട്ടിലെത്തി ബന്ധുക്കളുമായി നേരിട്ട് സംസാരിച്ചു.