കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇന്ന്, ക്രമീകരണങ്ങൾ ആരോഗ്യ മന്ത്രി വിലയിരുത്തി.


കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇന്ന് നടക്കുകയാണ്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഇന്നലെ പൂര്‍ത്തികരിച്ചിരുന്നു. ക്രമീകരണങ്ങൾ ഇന്നലെ ആരോഗ്യ മന്ത്രി വീണാ ജോർജ് നേരിട്ട് സന്ദർശിച്ചു വിലയിരുത്തിയിരുന്നു.

 

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മെഡിക്കല്‍ കോളേജ് സജ്ജമാണ് എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജിൽ ആദ്യമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ഗ്യാസ്‌ട്രോസർജറി വിഭാഗം മേധാവി ഡോ. സിന്ധു രാധയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ദാതാവില്‍ നിന്നും ആവശ്യമായ കരള്‍ എടുത്ത് സ്വീകര്‍ത്താവിലേക്ക് കരള്‍ മാറ്റിവയ്ക്കുന്ന 18 മണിക്കോറോളം നീണ്ട് നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണ് ഇന്ന് നടക്കുന്നത്.



 ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ ഇന്നലെ അവലോകന യോഗം ചേര്‍ന്നിരുന്നു. ഡോ. ജയകുമാറുമായും ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധുവുമായും നേരിട്ട് സംസാരിച്ച് കാര്യങ്ങള്‍ ആരോഗ്യ മന്ത്രി വിലയിരുത്തിയിരുന്നു. രാവിലെ 6 മണിക്ക് ശസ്ത്രക്രിയ ആരംഭിച്ചു. കഴിഞ്ഞ നവംബറിലാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമായത്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കാവശ്യമായ ആധുനിക സൗകര്യങ്ങൾ സജ്ജീകരിക്കുകയും ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നു.

 

കരൾ മാറ്റിവയ്ക്കേണ്ട രോഗിയെ സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ (കെ.എൻ.ഒ.എസ്) രജിസ്റ്റർ ചെയ്യിപ്പിച്ചിരുന്നു. കരൾ ലഭ്യമാകുന്ന മുറയ്ക്ക് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിനായാണ് തീരുമാനിച്ചിരുന്നത്. തിരുവനന്തപുരം, കോട്ടയം സർക്കാർ മെഡിക്കൽ കോളേജുകളിലാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സംവിധാനങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയകൾ രോഗികളുടെ സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നില്ല.