കഴുത്തിലും കയ്യിലും മുറിവുകൾ, കോട്ടയത്ത് യുവ ഡോക്ടറിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.


കോട്ടയം: കോട്ടയത്ത് യുവ ഡോക്ടറിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെത്തിപ്പുഴ സെന്റ്.തോമസ് ആശുപത്രിയിലെ ഡോക്ടർ പാത്താമുട്ടം പഴയാറ്റിങ്ങൽ രഞ്ജി പുന്നൂസിന്റെ മകൻ സ്റ്റെഫിൽ രഞ്ജി(32)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. സ്റ്റെഫിലിനെ ഏറെനേരമായിട്ടും കാണാഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ നോക്കിയപ്പോഴാണ് വീടിനുള്ളിലെ ശുചിമുറിയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് ശുചിമുറിയ്ക്കുള്ളിൽ നിന്നും സ്റ്റെഫിലിനെ പുറത്തെടുത്തത്. പോലീസ് ഡോക്ടറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

സ്റ്റെഫിലിന്റെ കഴുത്തിലും കയ്യിലും മുറിവുകളുണ്ട്. ഈ മുറിവുകളിൽ നിന്നും രക്തം വാർന്നാകാം മരണം സംഭവിച്ചിരിക്കുന്നത് എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. മുൻപ് കോട്ടയം എസ്.എച്ച് ആശുപത്രിയിലും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. ഡോക്ടറുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ചിങ്ങവനം പൊലീസ് സംഭവത്തിൽ കേസെടുത്തു.