കോട്ടയം പോർട്ട്: രണ്ടാംഘട്ട വികസനത്തിന് തുടക്കം കുറിച്ച് പുതിയ വെയർ ഹൗസിന്റെ ശിലാസ്ഥാപനം നടത്തി, 28 കണ്ടെയ്‌നറുകൾ കയറുന്ന ബാർജ് ഏപ്രിലിൽ സജ്ജമാവും.


കോട്ടയം: കോട്ടയം പോർട്ടിന്റെ രണ്ടാംഘട്ട വികസനത്തിന് തുടക്കം കുറിച്ച് പുതിയ വെയർ ഹൗസിന്റെ ശിലാസ്ഥാപനം നടത്തി. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.

 

കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിമാർ ഷിപ്പിങ്ങ് ആന്റ് ലോജിസ്റ്റിക്കുമായുള്ള സഹകരണത്തിലൂടെയാണ് പോർട്ടിന്റെ  രണ്ടാംഘട്ട വികസന പദ്ധതികൾ നടപ്പിലാക്കുന്നത്. 28 കണ്ടെയ്‌നറുകൾ കയറുന്ന ബാർജ് ഏപ്രിലിൽ സജ്ജമാവും എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളിലേക്കും ചരക്ക് അയയ്ക്കാനുള്ള അനുമതി കോട്ടയം പോർട്ടിന് ലഭിച്ചു കഴിഞ്ഞതായും ഇതോടെ പി.പി.പി മോഡലിൽ ആരംഭിച്ച ഉൾനാടൻ തുറമുഖം മധ്യ തിരുവിതാംകൂറിന്റെ വികസനത്തിന് പുതിയ വഴി തുറക്കുകയാണ് എന്നും വി എൻ വാസവൻ പറഞ്ഞു.

 

കോട്ടയം എം.എൽ.എ ആയിരുന്നപ്പോൾ താൻ നടത്തിയ ശ്രമഫലമായാണ് നാട്ടകത്ത് കോട്ടയം പോർട്ട് യാഥാർത്ഥ്യമായത് എന്ന് മന്ത്രി പറഞ്ഞു. കടലില്ലാത്ത കോട്ടയത്ത് എന്ത് പോർട്ടെന്ന് അന്ന് ചോദ്യം ഉയർന്നെങ്കിലും ജലമാർഗം കണ്ടെയ്നറുകളിൽ ചരക്കുനീക്കം യാഥാർത്ഥ്യമാകുന്ന നേട്ടത്തിലേക്കാണ് തുടർന്ന് നടത്തിയ ഇടപെടീലുകൾ വഴിയൊരുക്കിയത് എന്നും വി എന്ൻ വാസവൻ പറഞ്ഞു.