അപ്രതീക്ഷിത പോലീസ് സുരക്ഷാ വലയത്തിൽ വിറങ്ങലിച്ചു കാഞ്ഞിരപ്പള്ളി, നിമിഷ നേരത്തിൽ പാഞ്ഞെത്തി സമീപ സ്റ്റേഷനുകളിലെ പോലീസ് സേന!


കാഞ്ഞിരപ്പള്ളി: ഒന്ന് കണ്ണടച്ചു തുറക്കുന്നതിനിടെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ പോലീസ് സുരക്ഷാ വലയം തീർത്തു. അപ്രതീക്ഷിത സുരക്ഷാ വലയത്തിൽ കാഞ്ഞിരപ്പളി പേട്ടക്കവലയിൽ ഉണ്ടായിരുന്നവർ ഭയപ്പെട്ടു. അപ്പോഴേക്കും കാഞ്ഞിരപ്പള്ളിയിൽ ബോംബ് ഭീഷണി എന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിലുൾപ്പടെ പടർന്നിരുന്നു.

 

എന്നാൽ സുരക്ഷാ പരിശോധനകളുടെ ഭാഗമായി അപ്രതീക്ഷിത സാഹചര്യങ്ങളിൽ പോലീസ് സേനയുടെ പ്രവർത്തനം വിലയിരുത്തുന്നതിന് ഭാഗമായി നടത്തിയ മോക്ക് ഡ്രിൽ ആയിരുന്നു എന്നത് അവസാനമാണ് കൂടി നിന്നിരുന്ന നാട്ടുകാർക്കും ഒപ്പം നിമിഷ നേരത്തിൽ പാഞ്ഞെത്തിയ പോലീസുകാർക്കും മനസ്സിലായത്. കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി മധുസൂധനന്റെ നേതൃത്വത്തിലാണ് സുരക്ഷാ പരിശോധന നടന്നത്. കാഞ്ഞിരപ്പള്ളി സി ഐ ,കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എന്നിവർ മാത്രമാണ് സുരക്ഷാ പരിശോധന ഒരു മോക്ക് ഡ്രിൽ ആണ് എന്ന വിവരം അറിഞ്ഞിട്ടുണ്ടായിരുന്നത്.

 

കാഞ്ഞിരപ്പള്ളി, പൊൻകുന്നം,എരുമേലി,മുണ്ടക്കയം എന്നീ സ്റ്റേഷനുകളിൽ നിന്നായി കാഞ്ഞിരപ്പള്ളിയിൽ നിമിഷ നേരംകൊണ്ടെത്തിയത് വൻ പോലീസ് സന്നാഹമാണ്. രണ്ടു പാർട്ടികൾ തമ്മിൽ അടി ഉണ്ടായതായും ഇവർ രണ്ടു വാഹനങ്ങളിലായി കയറി പോകുന്നതായുമായ വിവരങ്ങൾ പങ്കുവെച്ചാണ് പോലീസ് സുരക്ഷാ പരിശോധന നടത്തിയത് എന്ന് കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി മധുസൂദനൻ പറഞ്ഞു. അപ്രതീക്ഷി സാഹചര്യമുണ്ടായാൽ പോലീസ് എങ്ങനെ പ്രവർത്തിക്കുമെന്നും ആവശ്യമായി വരുന്ന സാഹചര്യത്തിൽ സേവനം ആവശ്യപ്പെട്ടാൽ സമീപ മേഖലകളിലെ പോലീസ് സ്റ്റേഷനുകളിൽ നിന്നും പോലീസ് സേന എത്ര വേഗത്തിൽ എത്തിച്ചേരാൻ സാധിക്കും എന്ന കാര്യത്തിലുമാണ് ഇന്ന് കാഞ്ഞിരപ്പള്ളിയിൽ മോക്ക് ഡ്രിൽ നടത്തിയത്. വിവിധ സ്ഥലങ്ങളിൽ ഡ്യുട്ടിയിലായിരുന്ന എരുമേലി,മുണ്ടക്കയം പോലീസ് സ്റ്റേഷനുകളിൽ നിന്നും 20 മിനിറ്റിനുള്ളിൽ പോലീസ് സേന കാഞ്ഞിരപ്പള്ളിയിൽ എത്തിച്ചേർന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊൻകുന്നം,പള്ളിക്കത്തോട്,മണിമല സ്റ്റേഷനുകളിലെ സംഘങ്ങൾ വിവിധ റോഡുകളിൽ വാഹന പരിശോധന കര്ശനമാക്കിയിരുന്നു.