വിനോദസഞ്ചാര രംഗത്ത് കുതിപ്പേകാൻ 'കാരവൻ കേരള',സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണ്ണിൽ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.


കോട്ടയം: വിനോദസഞ്ചാര രംഗത്ത് കുതിപ്പേകാൻ 'കാരവൻ കേരള'. ആദ്യ കാരവൻ പാർക്ക് വാഗമണ്ണിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കേരളത്തിന്റെ മനോഹരമായ കുന്നും കാടും കടലും കായലും എല്ലാം ഇനി സഞ്ചരിച്ചുകൊണ്ട് കാണാം. സ്‌ക്രീനിൽ മാത്രം കണ്ട് പരിചയമുളള കാരവനുകൾ ഇന്ന് കേരള ടൂറിസത്തിന്റെ ഭാഗമാകുകയാണ്. സ്വകാര്യ വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 'കാരവൻ കേരള' പദ്ധതി നടപ്പാക്കുന്നത്.

 

അഡ്രാക് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് ആണ് വാഗമണ്ണിലെ കാരവൻ പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. വാഗമൺ-ഏലപ്പാറ റൂട്ടിൽ നല്ലതണ്ണിയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. 50 സെന്ററിൽ നിർമ്മിച്ചിരിക്കുന്ന പാർക്കിൽ 2 കാരവനുകൾക്കു പാർക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്. പകൽ സഞ്ചാരികളുടെ കാരവൻ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യും. രാത്രിയിലെ വിശ്രമമാണ് വാഗമണ്ണിൽ സജ്ജമാക്കിയിരിക്കുന്ന പാർക്കിൽ. ലിവിങ് റൂം,ബെഡ് റൂം,കിച്ചൻ, ബാത്ത് റൂം എന്നീ സൗകര്യങ്ങൾ കാരവനിലുണ്ട്. ഒരു കാരവനിൽ 4 പേർക്ക് യാത്ര ചെയ്യാം. വിദേശത്തുമാത്രം കാണാനാകുമായിരുന്ന കാരവനുകൾ ഇനി ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസത്തിനും അഴകാകും.

 

കോവിഡ് മഹാമാരി കാരണം പുറത്തിറങ്ങാനോ യാത്ര ചെയ്യാനോ സാധിക്കാത്ത കാലത്ത് ജനങ്ങൾക്ക് എങ്ങനെ സുരക്ഷിതമായ യാത്ര ഒരുക്കാൻ സാധിക്കും എന്ന ചിന്തയിൽ നിന്നാണ് കാരവൻ ടൂറിസം പദ്ധതി ആരംഭിക്കുന്നത്. സുരക്ഷിതമായ യാത്ര, താമസം, ഭക്ഷണം,  എന്നിവയാണ് ഈ കാലത്ത് ഓരോ സഞ്ചാരിയും ആഗ്രഹിക്കുന്നത്. പദ്ധതി പ്രഖ്യാപിച്ച് അഞ്ച് മാസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ തന്നെ കേരളത്തിലെ ആദ്യത്തെ കാരവാന്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയാണ് എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സ്വദേശികൾക്കും ഇതരസംസ്ഥാനക്കാർക്കും വിദേശികൾക്കും കേരളത്തിന്റെ പ്രകൃതിഭംഗി കൂടുതൽ ആസ്വദിക്കാൻ അവസരം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം എന്ന് മന്ത്രി പറഞ്ഞു. കാരവനിൽ യാത്ര ചെയ്താണ് മന്ത്രി വാഗമണ്ണിലെ കാരവൻ പാർക്കിലെത്തിയത്. കേരളത്തിലെ അറിയപ്പെടുന്നതും വികസിച്ചു വരുന്നതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് കാരവനിൽ എത്താനാവും. ടൂറിസത്തിന്റെ  പ്രാധാന്യം അനുസരിച്ച് അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിയ സ്ഥലങ്ങളിലാണ് കാരവൻപാർക്കുകൾക്ക് അനുമതി നൽകുന്നത്. 50 സെന്റ് ഭൂമിയാണ് കാരവൻ പാർക്കുകൾക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം. കേരളത്തിലെ പ്രകൃതിരമണീയമായ ഉൾഗ്രാമങ്ങളിൽ താമസിച്ച് ഗ്രാമീണ ജീവിതം അറിയാനുള്ള സൗകര്യം കാരവൻ ടൂറിസത്തിന്റെ ഭാഗമാണ്. നെൽവയൽ, കൃഷി, ജലസംഭരണി, ഉൾനാടൻ മൽസ്യബന്ധനം, പരമ്പരാഗത വ്യവസായം, കരകൗശലമേഖല, ചെറുകിട സൂക്ഷ്മ സംരംഭങ്ങൾ, കലാകാരൻമാർ, കുടുംബശ്രീ പോലുള്ള സംരംഭങ്ങൾ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാകും. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വരുമാനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം കൂടി കാരവൻ കേരള പദ്ധതിക്കുണ്ട്.