കോട്ടയം: കോട്ടയം ഇനി ആഘോഷനാളുകളിലേക്ക് കടക്കാനൊരുങ്ങുകയാണ്. രണ്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം മധ്യകേരളത്തിന്റെ പ്രധാന പൂരങ്ങളില്‍ ഒന്നായ തിരുനക്കര പൂരം ആഘോഷിക്കാനൊരുങ്ങുകയാണ് അക്ഷരനഗരി.
തിരുനക്കര പൂരത്തിന്റെ ലോഗോ പ്രകാശനം ഇന്നലെ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. ഉത്സവങ്ങള്‍ പ്രൗഢിയോടെ തിരിച്ചുവരുമ്പോള്‍ അത് ആ പ്രദേശത്തിന്റെ വ്യാപാര മേഖലയുടെ തിരിച്ചു വരവു കൂടിയാണ്. ഒപ്പം കോവിഡ് കാലത്ത് പ്രയാസങ്ങള്‍ ഏറെ അനുഭവിച്ച കലാകാരന്മാരുടെ ജീവിതത്തിലേക്ക് വീണ്ടും സന്തോഷത്തിന്റെ നാളുകള്‍ മടങ്ങയെത്തുകയാണ് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി തിരുനക്കര പൂരം നടത്തിയിരുന്നില്ല. മാർച്ച് 15 നാണു തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറുന്നത്. മാർച്ച് 23 നാണു തിരുനക്കര പൂരം.