വൈക്കം വെച്ചൂർ റോഡ് വികസനത്തിനായി സ്പെഷ്യൽ ഓഫീസറെ നിയമിക്കും, റോഡ് വികസനവുമായി ബന്ധപ്പെട്ടു റവന്യു മന്ത്രിയുമായി എംഎൽഎ ചർച്ച നടത്തി.


വൈക്കം: വൈക്കം വെച്ചൂർ റോഡ് വികസനത്തിനായി സ്പെഷ്യൽ ഓഫീസറെ നിയമിക്കാൻ റവന്യൂ വകുപ്പ്  മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. വൈക്കം വെച്ചൂർ റോഡിന്റെ വികസനം സംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജനുമായി വൈക്കം എംഎൽഎ സി കെ ആശ ചർച്ച നടത്തി.

 

സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങളുടെ അന്തിമഘട്ടത്തിൽ ഉയർന്നു വന്ന ചില സാങ്കേതിക പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയാതായി സി കെ ആശ പറഞ്ഞു. പാരിസ്ഥിതിക ആഘാത പഠനം സംബന്ധിച്ച്  ഏജൻസി തയ്യാറാക്കിയ റിപ്പോർട്ട് അപൂർണ്ണമാണെന്നും പുതിയ പഠനവും റിപ്പോർട്ടും ആവശ്യമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അറിയിച്ചതിനെത്തുടർന്നാണ് മന്ത്രിയെ സന്ദർശിച്ചത് എന്ന് എംഎൽഎ പറഞ്ഞു.

 

റവന്യു മന്ത്രി വീഡിയോ കോൺഫറൻസ് വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മീറ്റിംഗ് വിളിച്ചു കൂട്ടുകയും നിലവിലുള്ള റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ ഭേദഗതികളോടുകൂടി 15 ദിവസത്തിനകം പുതുക്കിയ റിപ്പോർട്ട് സമർപ്പിക്കുവാനും ആവശ്യപ്പെട്ടു. റോഡ് വികസനവുമായി ബന്ധപ്പെട്ടു ഭൂമി ഏറ്റെടുക്കൽ ജോലിക്കായി കൂടുതൽ ജീവനക്കാരെ ആവശ്യമായി വരുന്നപക്ഷം ജീവനക്കാരെ അനുവദിക്കുമെന്നും മന്ത്രി ഉറപ്പുനൽകിയാതായി എംഎൽഎ സി.കെ ആശ പറഞ്ഞു.