കോട്ടയം: കോട്ടയത്തു നിന്നും കാണാതായ മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവിനെ കൊച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
കോട്ടയം നഗരത്തിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്ന കണ്ണൂർ ശിവപുരം പടുപാറ സുബൈദ മൻസിലിൽ പി എം മൊയ്ദുവിന്റെ മകൻ അസ്ഹറുദ്ധീൻ(23) നെയാണ് കൊച്ചി മറൈൻ ഡ്രൈവിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ജോലിയുടെ ആവശ്യത്തിനെന്നും പറഞ്ഞു എറണാകുളത്തേക്ക് പോയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിനിടെയാണ് യുവാവിന്റെ മൃതദേഹം മറൈൻ ഡ്രൈവിന് സമീപം കണ്ടെത്തിയത്. മരണ കാരണം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ വ്യക്തമാകുകയുള്ളു എന്ന് പോലീസ് പറഞ്ഞു.