വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ചുവടുമായി ഈരാറ്റുപേട്ട നഗരസഭ,ബൃഹദ് വിദ്യാഭ്യാസ പദ്ധതിയുമായി അസ്ത്ര!


ഈരാറ്റുപേട്ട: വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മികവ് പുലർത്തുന്നതിനായി പുത്തൻ ചുവടുമായി ഈരാറ്റുപേട്ട നഗരസഭ. ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഒരു ബൃഹദ് വിദ്യാഭ്യാസ പദ്ധതിയാണ് അസ്ത്ര. നഗരസഭ ആവിഷ്കരിച്ചു നടപ്പിലാക്കാൻ പോകുന്ന വിദ്യാഭ്യാസ പദ്ധതിയായ അസ്ത്രയുടെ ലോഗോ പ്രകാശനം കളക്ട്രേറ്റിൽ ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ നിർവഹിച്ചു.

 

സമൂഹത്തിന്റെ സമസ്ത മേഖലകളിലും പ്രത്യേകിച്ച് വിദ്യാഭ്യാസപരമായും മികവുതെളിയിച്ച ഒട്ടേറെ ആളുകൾ നമ്മുടെ മേഖലയിൽ ഉണ്ടെങ്കിലും അതിൽ നിന്നൊക്കെ ഇനിയും ഒരുപാട് മുന്നേറാനുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് അസ്ത്ര എന്ന പേരിൽ ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ ഒരു ബൃഹദ് വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കിയിരിക്കുന്നത് എന്ന് നഗരസഭാ അധ്യക്ഷ സുഹ്‌റ അബ്‌ദുൾഖാദർ പറഞ്ഞു.

 

ഉന്നത വിദ്യാഭ്യാസം ലഭിക്കേണ്ടവർക്ക് അത് ലഭ്യമാക്കുക, ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും ജോലി ഇല്ലാത്തവർക്ക് തൊഴിൽ ലഭ്യത ഉറപ്പു വരുത്തുക, ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ദിശയറിയാതെ നിൽക്കുന്ന കുട്ടികൾക്ക് വ്യക്തമായ വഴി കാണിച്ചു കൊടുക്കുക, പുതുതലമുറയിലെ കുട്ടികൾക്ക് ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ എത്തിച്ചു കൊടുത്ത്‌ കൊണ്ട് നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്നിവ ഈ പ്രോജക്ടിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്ന് സുഹ്‌റ അബ്‌ദുൾഖാദർ പറഞ്ഞു.