എരുമേലി: ഭർത്താവിന്റെ ചികിത്സയ്ക്കായി പണമില്ലാതെ മനമുരുകുമ്പോഴും വഴിയരികിൽ കിടന്ന് ലഭിച്ച നോട്ട് കെട്ട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു എരുമേലി സ്വദേശിനിയായ യുവതി. എരുമേലി കനകപ്പലം വില്ലൻചിറ വീട്ടിൽ രമ്യയാണ് തനിക്ക് വഴിയരികിൽ കിടന്നു ലഭിച്ച നോട്ട് കെട്ട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. രമ്യയുടെ ഭർത്താവ് ശ്യാം(31) ഹൃദയാഘാതത്തെ തുടർന്ന് അടിയന്തിര ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ബുധനാഴ്ച്ച ഉച്ചക്ക് ഭർത്താവിന്റെ ചികിത്സയ്ക്ക് ആവശ്യമായ തുകയ്ക്കായി തനിക്കുണ്ടായിരുന്ന സ്വർണ്ണം എരുമേലി സ്വകാര്യ ബസ്സ് സ്റ്റാൻഡിനു സമീപമുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെയ്ക്കുന്നതിനായി എത്തിയപ്പോഴാണ് എരുമേലി മുണ്ടക്കയം പ്രധാന പാതയിൽ എരുമേലി സ്വകാര്യ ബസ്സ് സ്റ്റാൻഡിനു സമീപം വഴിയരികിൽ നിന്നും നോട്ട് കെട്ട് ലഭിച്ചത്. ഏറെ പ്രയാസകരമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും സത്യസന്ധത മറന്നു പ്രവർത്തിക്കാൻ രമ്യയ്ക്ക് ആയില്ല. വിവരം സമീപത്തെ വ്യാപാരികളെ അറിയിക്കുകയും ഇവർക്കൊപ്പം രമ്യ പോലീസ് സ്റ്റേഷനിൽ എത്തി തുക ഏൽപ്പിക്കുകയുമായിരുന്നു.
പിന്നീട് പണം ഉടമയ്ക്ക് പോലീസ് സ്റ്റേഷനിൽ നിന്നും തിരികെ ലഭിച്ചിരുന്നു. എരുമേലി കനകപ്പലത്ത് വാടക വീട്ടിലാണ് ശ്യാമും ഭാര്യ രമ്യയും 5,1 വയസ്സുള്ള പെൺകുട്ടികളും കഴിയുന്നത്. ഈ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശ്യാം. നിർദ്ധനരായ ഇവരുടെ അവസ്ഥകൾ വിവരിച്ചു ഭർത്താവിന്റെ ചികിത്സയ്ക്കായി സഹായമാഭ്യർത്ഥന സമൂഹ മാധ്യമങ്ങളിൽ നിരവധിപ്പർ പോസ്റ്റ് ചെയ്തിരുന്നു. ഇതുവരെ ആശുപത്രിയിൽ 2 ലക്ഷത്തിലധികം രൂപ ചെലവായിട്ടുണ്ട്. തുടർ ചികിത്സയ്ക്കും മരുന്നുകൾക്കുമായി ഇനിയും വലിയൊരു തുക ആവശ്യമാണ്.
സുമനസ്സുകളുടെ സഹായമുണ്ടെങ്കിൽ മാത്രമേ ഈ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ശ്യാമിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിക്കൂ. രമ്യയുടെ സത്യസന്ധതയുടെ മനസ്സിന് എരുമേലിയിലെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയും നഷ്ടപ്പെട്ട പണം തിരികെ ലഭിച്ച വ്യക്തിയും പാരിതോഷികം നൽകി.