കോട്ടയം ജില്ലാ ക്ഷീര കര്‍ഷക സംഗമം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു, ദേശീയ-സംസ്ഥാന അവാർഡ് ജേതാക്കളെ മന്ത്രി ആദരിച്ചു.


കോട്ടയം: കോട്ടയം ജില്ലാ ക്ഷീരകർഷക സംഗമത്തോടനുബന്ധിച്ച് കുര്യനാട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നടന്ന പൊതുസമ്മേളനം കേരള സംസ്ഥാന ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. അഡ്വ. മോൻസ് ജോസഫ് എം.എൽ എ അധ്യക്ഷത വഹിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരകർഷകരെ ചടങ്ങിൽ ആദരിച്ചു.

 

കന്നുകാലി പ്രദർശന മത്സര വിജയികൾക്കുള്ള സമ്മാനം സി.കെ ആശ എം എൽ എ വിതരണം ചെയ്തു. ജില്ലയിലെ മികച്ച ക്ഷീര സംഘങ്ങൾക്കുള്ള അവാർഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ യുവ കർഷകരെ ആദരിച്ചു. ക്ഷീര സുരക്ഷ ചികിത്സാ ധനസഹായ വിതരണം ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. മികച്ച മാതൃക തീറ്റപ്പുൽ കൃഷിത്തോട്ടത്തിനുള്ള സമ്മാനം മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലും കോവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയ ക്ഷീര സംഘത്തിനുള്ള സമ്മാനം ബ്ലോക്ക് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബും വിതരണം ചെയ്തു.

 

ജില്ലയിൽ ഏറ്റവും കൂടുതൽ പാലളന്ന ക്ഷീര കർഷകനായ കുര്യനാട് ക്ഷീരോത്പാദക സംഘത്തിലെ  ബിജുമോൻ തോമസ് വട്ടമുകളേൽ ജില്ലാ ക്ഷീര കർഷക സംഗമത്തിൽ വച്ച് മന്ത്രി ജെ. ചിഞ്ചുറാണിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. ഗോപാൽ രത്ന പുരസ്കാര ജേതാവ് രശ്മി എടത്തനാലിന് ലഭിച്ച പുരസ്കാര തുക ഉപയോഗിച്ച് വാങ്ങി നൽകിയ കറവപ്പശുവിനെ ജില്ലാ ക്ഷീര  കർഷക സംഗമത്തിൽ വെച്ച് മന്ത്രി ക്ഷീര കർഷകയായ ബിന്ദു ശശികുമാറിന് കൈമാറി. കന്നുകാലി പ്രദര്‍ശന മത്സരം, ഗവ്യജാലകം ക്വിസ്, ക്ഷീര കർഷക സംവാദം, സഹകരണ ശില്പശാല തുടങ്ങിയ പരിപാടികളും ഇതിനോടനുബന്ധിച്ച് നടത്തിയിരുന്നു.

കന്നുകാലി പ്രദര്‍ശന മത്സരത്തില്‍ കറവപ്പശു വിഭാഗത്തില്‍ ടോമി അഗസ്റ്റിന്‍, ശശിധരന്‍ നായര്‍,ബിപിന്‍ ആന്‍ഡ്രൂസ് എന്നിവരുടെ പശുക്കള്‍ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കിടാരി വിഭാഗത്തില്‍ ജയ്‌മോന്‍, റെയന്‍ മാത്യു, സുകുമാരന്‍ നായര്‍ എന്നിവരുടെ കിടാരികള്‍ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങളും കന്നുകുട്ടി വിഭാഗത്തില്‍ അലന്‍ കെ സജി, ജോസ് റ്റി ജോണ്‍, എ.പി ഫിലിപ്പ് എന്നിവരുടെ കന്നുകുട്ടികള്‍  യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി.