മഴക്കാല പൂര്‍വ്വ ശുചീകരണത്തിനായി ജില്ലയില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും; ജില്ലാ കളക്ടർ.


കോട്ടയം: മഴക്കാല പൂര്‍വ്വ ശുചീകരണത്തിനായി കോട്ടയം ജില്ലയില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നു ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ പറഞ്ഞു. പ്ലാനിൽ ഉൾപ്പെടുത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച്  ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ആരോഗ്യ ജാഗ്രതാ ജില്ലാതല കോര്‍ കമ്മിറ്റി യോഗം ചർച്ച ചെയ്തു.

 

മഴക്കാല രോഗങ്ങൾക്ക് പുറമെ എലിപ്പനി, മഞ്ഞപ്പിത്തം, മലമ്പനി തുടങ്ങി സാംക്രമിക രോഗങ്ങള്‍  പടരുന്നതിനുള്ള സാധ്യത കൂടി കണക്കിലെടുത്തുള്ള മുൻ കരുതൽ പ്രവര്‍ത്തനങ്ങൾ  പ്ലാനിൽ ഉൾപ്പെടുത്തും. പ്രവർത്തനങ്ങളുടെ നിർവ്വഹണ  പുരോഗതി കൃത്യമായി അവലോകനം ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കളക്ടർ നിർദേശം നൽകി. വാര്‍ഡുതല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊർജ്ജിതമാക്കും. ഹരിത കര്‍മ്മസേനയുടെ സജീവ ഇടപെടൽ ഉറപ്പു വരുത്തും.

 

ഹോട്ട്സ്പോട്ടുകളായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുള്ള 17 ഇടങ്ങളിൽ പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ  ലഭ്യമാക്കും. റബ്ബര്‍- പൈനാപ്പിള്‍ തോട്ടങ്ങളില്‍ കൊതുകു പെരുകുന്നത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ബിനു ജോണ്‍,  ശുചിത്വ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, ഡെപ്യൂട്ടി ഡി. എം. ഒ ഡോ. ശ്യാംകുമാര്‍ കെ.കെ, ഹരിതകേരളം മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ രമേശ് പി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ ബിജു. വി, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.