കോട്ടയം: ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം മുന്നോട്ടു വച്ച് ദേശീയ ട്രേഡ് യൂണിയനുകളുടെയും വിവിധ വ്യവസായ തൊഴിലാളി ഫെഡറേഷനുകളുടെയും നേതൃത്വത്തിൽ മാര്‍ച്ച് 28,29 തീയതികളിൽ ദ്വിദിന ദേശീയ പണിമുടക്ക്. ദേശീയ ട്രേഡ് യൂണിയനുകളുടെയും വിവിധ വ്യവസായ തൊഴിലാളി ഫെഡറേഷനുകളുടെയും കണ്‍വെന്‍ഷനാണ് ദേശീയ പണിമുടക്കിന് അഹ്വാനം നല്‍കിയിരിക്കുന്നത്.
തൊഴിലാളി വിരുദ്ധ ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, എസ്സന്‍ഷ്യന്‍ ഡിഫന്‍സ് സര്‍വ്വീസസ് ആക്ട് പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും, നാഷണല്‍ മോണിട്ടൈസേഷന്‍ പൈപ്പ്‌ലൈന്‍ എന്ന പദ്ധതിയും ഉപേക്ഷിക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് അത്യാവശ്യ പൊതുസേവനങ്ങള്‍ എന്നീ മേഖലകളില്‍ പൊതു നിക്ഷേപം വര്‍ദ്ധിപ്പിക്കുക, മഹാത്മാഗാന്ധിതൊഴിലുറപ്പ് പദ്ധതിക്കുള്ള ഫണ്ട് വര്‍ദ്ധിപ്പിക്കുക, പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കുക, സംയുക്ത കര്‍ഷക സംഘടനകള്‍ വിവാദകാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഉന്നയിച്ച 6 കാര്യങ്ങള്‍ അംഗീകരിക്കുക, ദേശീയ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനും ജനക്ഷേമ പദ്ധതികള്‍ക്ക് പണം കണ്ടത്താനും സമ്പന്നരുടെമേല്‍ പുതിയ നികുതി ഏര്‍പ്പെടുത്തുക, പെട്രോളിയം ഉല്‍പന്നങ്ങളുടെമേലുള്ള എക്‌സൈസ് നികുതി ഗണ്യമായി കുറക്കുക, വിലക്കയറ്റം തടയുക, പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുകയും, പഴയ പദ്ധതി പുന:സ്ഥാപിക്കുകയും ചെയ്യുക എന്നീ മുദ്രാവാക്യങ്ങളാണ് പ്രധാനമായും ഈ പണിമുടക്കിന് ആധാരമായിട്ടുള്ളത്.
എല്ലാവര്‍ക്കും മിനിമംവേതനം നല്‍കുക, സാര്‍വ്വത്രിക സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, കരാര്‍ തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കുക, പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ തുക ഉയര്‍ത്തുക, സ്‌കീം തൊഴിലാളികള്‍ 'തൊഴിലാളി' എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുക, തൊഴിലും വരുമാനവും നഷ്ടപ്പെട്ടവര്‍ക്ക് പണമെത്തിക്കുക, സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുക തുടങ്ങി ട്രേഡ്‌യൂണിയനുകള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളും ഇതോടൊപ്പം മുന്നോട്ടുവയ്ക്കുന്നുണ്ട്.