പാലാ: പാലായിൽ യുവതിക്കും 3 വയസ്സുകാരി മകൾക്കും പിതാവിന്റെ ക്രൂരമർദ്ദനം. പാലാ കുടയ്ക്കച്ചിറ കല്ലറയ്ക്കൽ ആര്യയ്ക്കും 3 വയസ്സുകാരി മകൾക്കുമാണ് ഭർത്താവിന്റെ ക്രൂരമർദ്ദനം ഏറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെയാണ് ഇരുവർക്കും മർദ്ദനമേറ്റത്.
മുൻപ് ഭർതൃഗൃഹത്തിൽ വെച്ച് മർദ്ദനമേറ്റതിനെ തുടർന്ന് യുവതി ഗാർഹിക പീഡനത്തിന് പരാതി നൽകുകയും പോലീസ് സംരക്ഷണത്തിനായുള്ള കോടതി ഉത്തരവിലാണ് ഇരുവരും ഭർതൃഗൃഹത്തിൽ കഴിഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലെത്തിയ ഇവരുടെ ഭർത്താവ് ആദ്യം കുട്ടിയേയും പിന്നീട് ആര്യയെയും മർദിക്കുകയായിരുന്നു. 3 വയസ്സുകാരി കുട്ടിയെ ഇയാൾ മർദിക്കുന്നതു കണ്ടു ഓടിയെത്തി തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആര്യയ്ക്ക് മർദ്ദനമേറ്റത്.
ഇരുവരുടെയും തലയ്ക്കും ശരീരത്തിനും മർദ്ദനമേറ്റു. തുടർന്ന് ഇരുവരും പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയും പാലാ പോലീസിൽ പരാതി നൽകുകയും ചെയ്തു. പരിശോധനയിൽ ഇരുവരുടെയും തലയ്ക്കും ശരീരത്തിലും ചതവ് കണ്ടെത്തിയിട്ടുണ്ട്. ആര്യയുടെ പരാതിയിൽ പോലീസ് കേസെടുത്തു.