കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വിജയകരമായി പൂർത്തീകരിച്ച സർക്കാർ മേഖലയിലെ ആദ്യ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ ലോക പ്രണയദിനത്തിൽ പ്രിയതമനു കരൾ പകുത്തു നൽകിയ പ്രവിജക്ക് പിന്നാലെ സുബീഷും ആശുപത്രിവിട്ടു. കരൾ രോഗബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നത് നിരവധി ആശങ്കകളോടെയായിരുന്നു എന്നും എന്നാൽ ഇപ്പോൾ മടങ്ങുന്നത് പൂർണ്ണ ആത്മവിശ്വാസത്തോടെയാണെന്നും ഇരുവരും പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിൽ ലഭിച്ചത് മികച്ച ചികിത്സയാണെന്നു സുബീഷ് പറഞ്ഞു. ആശുപത്രിവിട്ടു വീട്ടിലേക്ക് മടങ്ങുന്നതിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. ഡോക്ടർമാരും എല്ലാ ആരോഗ്യ പ്രവർത്തകരും പൂർണ്ണ പിന്തുണയോടെ ഒപ്പമുണ്ടായിരുന്നു. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുമ്പോൾ പേടി തോന്നിയിരുന്നെങ്കിലും എല്ലാവരുടെയും പൂർണ പിന്തുണയിൽ അതിജീവിക്കാനായി എന്നും പ്രവിജ പറഞ്ഞു. എല്ലാവര്ക്കും നന്ദി പറഞ്ഞാണ് ഇരുവരും ആശുപത്രിയിൽ നിന്നും മടങ്ങിയത്. അണുബാധയേൽക്കാതെ ദമ്പതികൾ ഒരു മാസം കൂടി കർശന നിരീക്ഷണത്തിൽ തുടരണം. ആശുപത്രിയിൽ നിന്നും ഇരുവരെയും യാത്രയാക്കുന്നതിനു ആരോഗ്യ മന്ത്രി വീണാ ജോർജ്ജും എത്തിയിരുന്നു.
17 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ തൃശൂർ വേലൂർ വട്ടേക്കാട്ട് വീട്ടിൽ സുബീഷ് (42) നു ഭാര്യ പ്രവിജ (39) യാണ് കരൾ നൽകിയത്. സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി നടന്ന കരൾമാറ്റ ശാസ്ത്രക്രിയയായിരുന്നു ഇത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ. കെപി ജയകുമാറുമായും സൂപ്രണ്ട് ഡോ. ടികെ ജയകുമാറുമായും സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. സിന്ധുവുമായും മറ്റ് ടീം അംഗങ്ങളുമായും ഇരുവരുടെയും ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരോഗ്യ മന്ത്രി സംസാരിച്ചു.
ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചിരിക്കുകയാണ്. ഇത് ആരോഗ്യ മേഖലയുടെ വലിയൊരു നേട്ടം കൂടിയാണ് എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇരുവർക്കും നീണ്ടനാളത്തെ വിശ്രമവും ചികിത്സയും ആവശ്യമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം തന്നെ ഒരു വീട് വാടകയ്ക്ക് എടുത്തിട്ടുണ്ട്. കഴിഞ്ഞ 14 നായിരുന്നു ശസ്ത്രക്രിയ നടന്നത്.ഗ്യാസ്‌ട്രോസർജറി വിഭാഗം മേധാവി ഡോ. സിന്ധുവിന്റെ നേതൃത്വത്തിൽ 29 ഡോക്ടർമാരും 9 ടെക്‌നീഷ്യന്മാരും ഉൾപ്പെടുന്ന സംഘമാണ് ശസ്ത്രക്രിയ വിജയകരമായിപൂർത്തീകരിച്ചത്.