കുഞ്ഞി തലയിണയും മുട്ട സുനാമിയും മണവാളൻ കോഴിയും നാഗമ്പടത്ത് മലബാറിന്റെ രുചിപ്പെരുമ!!!


കോട്ടയം: കുഞ്ഞി തലയിണ,മണവാളൻ കോഴി, ചിക്കൻ പൊട്ടിത്തെറിച്ചത്, മുട്ട സുനാമി, ചിക്കൻ മമ്മൂസ്, കിളിക്കൂട്...  വായിൽ വെള്ളം നിറയ്ക്കുന്ന മലബാർ രുചിയിലുള്ള വിഭവങ്ങളാണിത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ തയ്യാറാക്കിയിട്ടുള്ള കുടുംബശ്രീ യൂണിറ്റാണ് വ്യത്യസ്തമായ വിഭവങ്ങൾ കൊണ്ട് ജനശ്രദ്ധ പിടിച്ച് പറ്റുന്നത്. മുട്ട സുനാമി എന്ന് കേട്ടാൽ പേടിക്കേണ്ട. കടലോ തിരമാലയോ അല്ല. കടലോളം രുചിയുള്ള    മുട്ടവിഭവമാണിത്. കണ്ടാൽ ഒരു കിളിയുടെ കൂട്  പോലെയിരിക്കുന്ന  പലഹാരമാണ് കിളിക്കൂട്. അതിനൊപ്പം ഒരു കാട മുട്ടയുമുണ്ടാകും. ഒരു കാട പൊരിച്ചത്, കാടമുട്ട, ചപ്പാത്തി എന്നിവ സ്റ്റീം ചെയ്ത ചുട്ടെടുക്കുന്നതാണ് കുഞ്ഞി തലയിണ. മസാല നിറച്ച് സ്റ്റീം ചെയ്തെടുക്കുന്ന പലഹാരമാണ് ചിക്കൻ മമ്മൂസ്. ചിക്കൻ പൊട്ടിത്തെറിച്ച കോമ്പോയാണ്  വിഭവങ്ങളിലെ താരം. ചിക്കൻ , ചപ്പാത്തി, പത്തിരി, കറി , മയണൈസ്, സലാഡ് എന്നിവ ഉൾപ്പെടുന്നതാണ് ചിക്കൻ പൊട്ടിത്തെറിച്ച കോമ്പോ. വിഭവങ്ങൾ തീർന്നിട്ടില്ല. ചട്ടിപ്പത്തിരി, കായപ്പോള, ഉന്നക്കായ, പഴം നിറച്ചത് പലഹാരങ്ങളുടെ പട്ടിക നീളുകയാണ്.കോട്ടയംകാർക്ക് ഈ മലബാർ വിഭവങ്ങൾ ഇനി ഒരാഴ്ച കൈയെത്തും ദൂരത്തുണ്ടാവും.  ഏപ്രിൽ 28 മുതൽ മെയ് 4 വരെയാണ് പ്രദർശന - വിപണനമേള നടക്കുന്നത്. കോഴിക്കോട് കോർപ്പറേഷന് കീഴിലെ സെൻട്രൽ സി.ഡി.എസിൽ ഉൾപ്പെടുന്ന കരുണ കുടുംബശ്രീയാണ് മലബാർ രുചിപ്പെരുമ കോട്ടയത്തെത്തിച്ചത്.    നിരവധി ഭക്ഷ്യ മേളകളിൽ പങ്കെടുത്തിട്ടുള്ള കരുണ കുടുംബശ്രീ  രുചിപ്പെരുമയുമായി നാല് വർഷം മുമ്പ് ഷാർജ ഫെസ്റ്റിലും പങ്കെടുത്തിരുന്നു. കെ.എം ഷഹിദയുടെ നേതൃത്വത്തിലുള്ള ആറ് കുടുബശ്രീ പ്രവർത്തകരാണ് രുചിക്കൂട്ടുകൾ ഒരുക്കുന്നത്.