കോട്ടയം: മേലുകാവിൽ മിനി ലോറിയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുറവിലങ്ങാട് കുളത്തൂർ സ്വദേശി അതിരമ്പുഴയിൽ താമസിക്കുന്ന സതീഷ് ആണ് മരിച്ചത്. മംഗളം ദിനപ്പത്രവുമായി കാഞ്ഞിരം കവലയ്ക്ക് പോയ ജീപ്പ് കഴിഞ്ഞ 20 നു രാവിലെ 5 മണിക്ക് മേലുകാവ് മറ്റത്തിനും പാണ്ടിയന്മാവ് വളവിനും ഇടക്ക് വെച്ചു മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ലോറി ജീപ്പിന് മുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്നു മിനി ലോറി റോഡിൽ മറിഞ്ഞു. ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് ജീപ്പിനുള്ളിൽ കുടുങ്ങിയ സതീഷിനെ വാഹനം വെട്ടി പൊളിച്ചു പുറത്തെടുത്തത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സതീഷിനെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
മേലുകാവ് വാഹനാപകടം: മിനി ലോറിയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവർ മരിച്ചു.