എരുമേലി: എരുമേലിയിൽ നിയന്ത്രണംവിട്ട ബൈക്ക് വീടിന്റെ ഗെയിറ്റ് ഇടിച്ചു തകർത്തു. അപകടത്തിൽ പിൻ സീറ്റ് യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം.
ചങ്ങനാശേരി രാമങ്കരി സ്വദേശിനി അനുപമയാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ കൂട്ടിക്കൽ ചപ്പാത്ത് സ്വദേശി അമീർനു ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച്ച രാത്രി ഏഴരയോടെ കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കുറുവാമൂഴി അമ്പലവളവിനു സമീപമാണ് അപകടം ഉണ്ടായത്.
അനുപമയും അമീറും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ടതിനെ തുടർന്ന് വീടിന്റെ മുൻപിലെ അടഞ്ഞു കിടന്നിരുന്ന ഇരുമ്പു ഗെയിറ്റ് ഇടിച്ചു തകർത്തു വീടിന്റെ മുറ്റത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗെയിറ്റ് തകർത്ത ബൈക്ക് 20 മീറ്റർ ഉള്ളിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടം കണ്ടു ഓടിയെത്തി നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അനുപമയുടെ ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കുട്ടിക്കാനം മരിയൻ കോളേജിലെ മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ് മരിച്ച അനുപമ. കുറുവാമുഴിയിലുള്ള ഇവരുടെ സഹപാഠിയുടെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇരുവരും കോളേജിലെ ഒപ്പമുണ്ടായിരുന്ന സഹപാഠികളും തിരികെ മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബൈക്കുകളിൽ വിദ്യാർത്ഥികൾ വളരെ വേഗതയിലാണ് സഞ്ചരിച്ചിരുന്നത് എന്ന് നാട്ടുകാർ പറഞ്ഞു.