ആവശ്യപ്പെട്ടത് തന്റെ ഷെഡിനു ഒരു കതക്, വൈക്കം സ്വദേശിനി പാപ്പിയമ്മയ്ക്ക് സുരക്ഷിത ഭവനമൊരുക്കി ബോബി ചെമ്മണ്ണൂർ.


വൈക്കം: കഴിഞ്ഞ വർഷം ജനുവരിയിൽ കേരളത്തിന്റെ മനസ്സ് കവർന്ന പുഞ്ചിരിയുമായി ഒരു മുത്തശ്ശിയുടെ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.വൈക്കം വടയാർ തേവലക്കാട് സ്വദേശിനിയായ 98 കാരി പാപ്പിയമ്മ എന്ന മുത്തശ്ശിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പിയാണ് പാപ്പിയമ്മയുടെ ഒരു ദിവസത്തെ ജീവിതം ക്യാൻവാസിൽ പകർത്തിയത്. ഫോട്ടോഷൂട്ടിനായി ലൊക്കേഷൻ തപ്പിയിറങ്ങിയ മഹാദേവൻ തമ്പിയാണ് പാപ്പിയമ്മയെ കണ്ടെത്തുന്നത്. നിഷ്ക്കളങ്കമായ മനസ്സിനുമിടയായ പാപ്പിയമ്മയുടെ സ്നേഹം തുളുമ്പുന്ന വാക്കുകളും ചിരികളും എല്ലാവരെയും ആകർഷിച്ചു. പാപ്പിയമ്മ താമസിക്കുന്നത് ഒരു ഷെഡിൽ ആയിരുന്നു. ഇരുമ്പ് ഷീറ്റുകളും ആസ്ബറ്റോസ് ഷീറ്റുകളും പടുതായും ചേർത്തുവെച്ച ഒരു ചെറിയ ഷെഡിൽ. തന്റെ ഷെഡിനു ഒരു കതക് വേണം എന്നത് മാത്രമായിരുന്നു പാപ്പിയമ്മയുടെ ആവശ്യം.

ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പാപ്പിയമ്മയെ കാണാൻ വൈക്കത്ത് ബോബി ചെമ്മണ്ണൂർ എത്തിയിരുന്നു. പാപ്പിയമ്മ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് തന്റെ ഷെഡിനു ഒരു കതക്,എന്നാൽ സുരക്ഷിതമായി താമസിക്കാൻ വീട് വെച്ച് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് വെള്ളപ്പൊക്കത്തെ അതിജീവിക്കും വിധത്തിലുള്ള വീടാണ് നിർമ്മിച്ചു നൽകിയത്. 



ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള രേഖകളിലെ പ്രതിസന്ധികളാണ് വീട് നിർമ്മിച്ചു നൽകുന്നതിന് കാലതാമസം നേരിട്ടത്. തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ ചെള്ളാങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലറി ബോബി ചെമ്മണ്ണൂർ പാപ്പിയമ്മയ്ക്ക് വീടിന്റെ താക്കോൽ കൈമാറി. എംഎൽഎ സി.കെ ആശ മുഖ്യപ്രഭാഷണം നടത്തി.

മഴക്കാലത്തെ വെള്ളപ്പൊക്കത്തെ അതിജീവിക്കും വിധത്തിലുള്ള വീടാണ് നിർമ്മിച്ചു നൽകിയത്. വേളം എത്തിയാൽ വീടിനു അടിയിൽ സ്ഥാപിച്ചിരിക്കുന്ന വീപ്പകൾ വീടിനെ ഉയർത്തി നിർത്തും. ചെറിയ ഷെഡിൽ തനിച്ചാണ് പാപ്പിയമ്മ താമസിക്കുന്നത്. രണ്ടു പെൺമക്കളെയും വിവാഹം കഴിച്ചയച്ചു. ചെറിയ ചെറിയ ജോലികൾക്ക് പോയാണ് പാപ്പിയമ്മ ദിനംദിന ചെലവുകൾക്കുള്ള പണം കണ്ടെത്തിയിരുന്നത്. 



ബോബി ചെമ്മണ്ണൂർ ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റ് വഴിയാണ് വീട് നിർമ്മിച്ചു നൽകിയത്. ബോബി ചെമ്മണ്ണൂരിന്റെ സുരക്ഷിത ഭവനമൊരുങ്ങിയതോടെ ഇനി പാപ്പിയമ്മയ്ക്കു സുരക്ഷിതമായി അന്തിയുറങ്ങാം. താക്കോൽദാന ചടങ്ങിൽ ജനപ്രതിനിധികളും പൗരപ്രമുഖരും പങ്കെടുത്തു.