ചങ്ങനാശ്ശേരിയിൽ പുതിയ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമാണോത്ഘാടനം 26 ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിക്കും.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ പുതിയ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമാണോത്ഘാടനം 26 ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിക്കും. ചങ്ങനാശ്ശേരിയിൽ ചേരുന്ന ചടങ്ങിൽ 26 ന് വൈകുന്നേരം 4 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി നിർമാണോത്ഘാടനം നിർവഹിക്കും. നിർമാണവുമായ ബന്ധപ്പെട്ട ആദ്യ ഘട്ടത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതായി എംഎൽഎ ജോബ് മൈക്കിൾ പറഞ്ഞു. എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്നാണ് അടങ്കൽ തുകയായ അഞ്ചുകോടി 15 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ഭരണാനുമതിയിൽ നിർദേശിച്ചപോലെ ടെൻഡർ നടപടികൾ പൂർത്തിയാക്കി കേന്ദ്ര സർക്കാർ ഏജൻസിയായ എച്ച്. എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് ന് കെഎസ്ആർടിസി ഇതിനോടകം  നിർമ്മാണ ചുമതല നൽകിയിട്ടുണ്ട്. പഴയ കെട്ടിടം പൊളിക്കുമ്പോൾ യാത്രക്കാർക്കുവേണ്ടിയുള്ള ബസ് കാത്തിരിപ്പു കേന്ദ്രം ആണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 50 വർഷത്തിലധികം പഴക്കമുള്ള ജീർണ അവസ്ഥയിലും അപകടത്തിൽ ഉള്ളതുമായ നിലവിലുള്ള പഴയ കെട്ടിടം പൊളിക്കുവാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്നും എംഎൽഎ പറഞ്ഞു. മൂന്നാം ഘട്ടത്തിൽ ആണ് 18000 ചതുരശ്രഅടി കെട്ടിടസമുച്ചയം ഉൾപ്പെടുന്ന പുതിയ ബസ് ടെർമിനലിന്റെ ടെൻഡർ നടപടികൾ. സ്റ്റേഷൻ മാസ്റ്റർ റൂം, കണ്ട്രോൾ ഇൻസ്പെക്ടർ റൂം, പോലീസ് എയ്ഡ് പോസ്റ്റ്, ഫസ്റ്റ് എയ്ഡ് റൂം, പുരുഷന്മാർക്കും സ്ത്രീകൾക്കും ശൗചാലയ സൗകര്യങ്ങളോടുകൂടിയ വിശ്രമമുറി, റിസർവേഷൻ ഓഫീസ്, എൻക്വയറി ഓഫീസ്, ഭിന്ന ശേഷിക്കാർക്കുള്ള ശൗചാലയങ്ങൾ തുടങ്ങിയവ താഴത്തെ നിലയിലും കഫറ്റീരിയ, ശീതീകരിച്ച വിശ്രമമുറി, ക്ലോക്ക് റൂം,ടേക്ക് ബ്രേക്ക്, തുടങ്ങിയ സൗകര്യങ്ങൾ മുകളിലത്തെ നിലകളിലും സജ്ജമാക്കിയിട്ടുണ്ട്. ദീർഘദൂര ബസുകൾക്കും മറ്റു ബസ്സുകൾക്കും പ്രത്യേകം പാർക്കിംഗ് ഏരിയ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ പാർക്കിംഗ് പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമായി എംസി റോഡിനോട് ചേർന്ന് സ്വകാര്യ വാഹന പാർക്കിംഗ് സൗകര്യവും വിഭാവനം ചെയ്തിട്ടുണ്ട്. ജനങ്ങളുടെ പൊതുവായ ആവശ്യം പരിഗണിച് ഹൈടെക് മൾട്ടിലെവൽ പാർക്കിങ് സിസ്റ്റം കൂടി തുടർ പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ സ്ഥലം നീക്കിവച്ചിട്ടുണ്ട് എന്ന് എംഎൽഎ പറഞ്ഞു. 35500 ചതുരശ്രഅടി ഡ്രൈവിംഗ് യാർഡും 18,000 ചതുരശ്ര അടി കെട്ടിട സമുച്ചയവും ഉൾപ്പെടുന്നതാണ് പുതിയ ബസ് ടെർമിനൽ. നിലവിലുള്ള പെട്രോൾ പമ്പ് അവിടെ നിന്നും മാറ്റി ഭാവിയിൽ പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ പ്രത്യേക സ്ഥലം കരുതിയിട്ടുണ്ട്.