ഈരാറ്റുപേട്ട ഫയർ സ്റ്റേഷന്റെ പുതിയ ആസ്ഥാന മന്ദിരം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഫയർ സ്റ്റേഷന്റെ പുതിയ ആസ്ഥാന മന്ദിരം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. നീണ്ട 24 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈരാറ്റുപേട്ട ഫയർ സ്റ്റേഷന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിനും അത് നാടിന് സമർപ്പിക്കുന്നതിനും കഴിഞ്ഞതായി എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. 80 ലക്ഷം രൂപ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും വിനിയോഗിച്ചതും, സംരക്ഷണഭിത്തി കെട്ടുന്നതിന് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽനിന്നും 15 ലക്ഷം രൂപ അനുവദിച്ചതും ഉൾപ്പെടെ ആകെ 95 ലക്ഷം രൂപ ചെലവഴിച്ചാണ് പൂഞ്ഞാർ പഞ്ചായത്ത് രണ്ടാം വാർഡിലെ മറ്റക്കാട്ട് പുതിയ ഫയർ സ്റ്റേഷൻ മന്ദിരം പൂർത്തീകരിച്ചത്. വാടകക്കെട്ടിടത്തിൽ മുൻപ് പ്രവർത്തിച്ചിരുന്ന ഫയർ സ്റ്റേഷനിൽ കഴിഞ്ഞ പ്രളയത്തെ തുടർന്ന് വെള്ളം കയറുകയും ഫയലുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നശിച്ചു പോവുകയും ചെയ്തിരുന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എരുമേലിയിലും മുണ്ടക്കയത്തും പുതിയ ഫയർ സ്റ്റേഷനുകൾ യാഥാർഥ്യമാക്കാനുള്ള പരിശ്രമത്തിലുമാണ് എന്ന് എംഎൽഎ പറഞ്ഞു.