എരുമേലി: എരുമേലിയിൽ നിയന്ത്രണംവിട്ട ബൈക്ക് വീടിന്റെ ഗെയിറ്റ് ഇടിച്ചു തകർത്തു മുറ്റത്തേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥിനിയുടെ സംസ്കാരം തിങ്കളാഴ്ച്ച. രാമങ്കരി തിരുവാതിരയിൽ മോഹനന്റെയും ശുഭയുടെയും മകൾ അനുപമ മോഹൻ (21) ആണ് ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്.
ശനിയാഴ്ച്ച രാത്രി ഏഴരയോടെ കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കുറുവാമൂഴി അമ്പലവളവിനു സമീപമാണ് അപകടം ഉണ്ടായത്. അനുപമയും അമീറും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ടതിനെ തുടർന്ന് വീടിന്റെ മുൻപിലെ അടഞ്ഞു കിടന്നിരുന്ന ഇരുമ്പു ഗെയിറ്റ് ഇടിച്ചു തകർത്തു വീടിന്റെ മുറ്റത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗെയിറ്റ് തകർത്ത ബൈക്ക് 20 മീറ്റർ ഉള്ളിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.
കുട്ടിക്കാനം മരിയൻ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ ഇരുവരും സഞ്ചരിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് നിയന്ത്രണംവിട്ടു കുറുവാമൂഴി അമ്പലവളവിനു സമീപമുള്ള വീടിന്റെ ഇരുമ്പു ഗെയിറ്റ് തകർത്താണ് വീട്ടു മുറ്റത്തേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ സംഭവസ്ഥലത്തു വെച്ചുതന്നെ അനുപമയുടെ മരണം സംഭവിച്ചിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന കൂട്ടിക്കൽ ചപ്പാത്ത് സ്വദേശി ഓലിക്കപാറയിൽ നൗഷാദിന്റെ മകൻ അമീർനു(21) ഗുരുതരമായി പരിക്കേറ്റു.
അപകടം കണ്ടു ഓടിയെത്തി നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അനുപമയുടെ ജീവൻ രക്ഷിക്കാനായില്ല. കുറുവാമുഴിയിലുള്ള ഇവരുടെ സഹപാഠിയുടെ വീട്ടിൽ എത്തിയ ശേഷം ഇരുവരും കോളേജിലെ ഒപ്പമുണ്ടായിരുന്ന സഹപാഠികളും തിരികെ മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബൈക്കുകളിൽ വിദ്യാർത്ഥികൾ വളരെ വേഗതയിലാണ് സഞ്ചരിച്ചിരുന്നത് എന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമീറിനെ ആദ്യം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആനന്ദ് ആണ് മരിച്ച അനുപമയുടെ സഹോദരൻ.