എരുമേലി: എരുമേലി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും ഭീഷണിയാണ് ഇവ വിഹരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് മുൻപിലേക്കും കാൽനട യാത്രക്കാർക്കും നേരെ കുരച്ചു ചാടുന്നത് പതിവായിരിക്കുകയാണ്. പത്തോളം വരുന്ന നായ്ക്കളാണ് കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിലും പരിസരങ്ങളിലുമായി വിഹരിക്കുന്നത്. സമീപ പ്രദേശത്തെ ഹോട്ടലുകളിലെ ഭക്ഷണ അവശിഷ്ടങ്ങളാണ് ഇവയുടെ ഭക്ഷണം. ഗ്രാമപഞ്ചായത്ത് ക്ളീൻ എരുമേലിയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന വെസ്റ്റ് ബിന്നിനു സമീപം നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങളുടെ കവറുകൾ കടിച്ചു കീറി റോഡിലേക്ക് നിരത്തുന്നതും പതിവായിരിക്കുകയാണ്. ട്രിപ്പ് കഴിഞ്ഞു സ്റ്റാൻഡിലെത്തുന്ന ബസ്സുകൾക്കടിയിലാണ് തെരുവ് നായ്ക്കളുടെ സുഖവാസം. മാസങ്ങൾക്ക് മുൻപ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ എരുമേലിയിൽ മൂന്ന് പേർക്ക് കടിയേറ്റിരുന്നു.
ചിത്രം: santheep.