വേഗമെത്തണമെന്നു ഫോൺ വിളി, നാഗമ്പടം ബസ് സ്റ്റാൻഡിലേക്ക് പാഞ്ഞെത്തിയത് 4 ആംബുലൻസുകൾ, തട്ടിപ്പിന്റെ പുത്തൻ രീതിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു ആംബു


കോട്ടയം: വേഗമെത്തണമെന്നു ആംബുലൻസ് ഡ്രൈവർമാരുടെ ഫോണിലേക്ക് വിളിയെത്തിയതോടെ നാഗമ്പടം ബസ് സ്റ്റാൻഡിലേക്ക് പാഞ്ഞെത്തിയത് 4 ആംബുലൻസുകൾ. സ്ഥലത്തെത്തിയ ആംബുലൻസ് ഡ്രൈവർമാർ തട്ടിപ്പിന്റെ പുത്തൻ രീതിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് സംഭവം. ഹിന്ദി സംസാരിക്കുന്നയാൾ ഐ സി യു സംവിധാനമുള്ള 4 ആംബുലൻസ് ഡ്രൈവർമാരെ ബന്ധപ്പെട്ടു നാഗമ്പടത്തു നിന്നും ഒരാളെ അത്യാവശ്യമായി നെടുമ്പാശ്ശേരി എയർ പെർത്തിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു വിളിക്കുകയായിരുന്നു. ഫോൺ വിളിയെത്തിയതോടെ മെഡിക്കൽ കോളേജിന്റെ ഭാഗത്തു നിന്നും 3 ആംബുലൻസുകളും പാലായിൽ നിന്നും ഒരു ആംബുലൻസും നാഗമ്പടത്തെക്ക് കുതിക്കുകയായിരുന്നു.

എന്നാൽ ഇവിടെയെത്തിയ ആംബുലൻസ് ഡ്രൈവർമാർക്ക് ആരെയും കാണാൻ സാധിച്ചില്ല. ആദ്യമെത്തിയ വാഹനത്തിനു തൊട്ടു പിന്നാലെ 3 ആംബുലൻസുകളും എത്തി. ആംബുലൻസ് ഡ്രൈവർമാർ വിളിച്ചയാളെ ബന്ധപ്പെട്ടപ്പോൾ ഗൂഗിൾ പേയിൽ ഹായ് അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ ഡ്രൈവർമാർ പരസ്പരം സംസാരിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഗൂഗിൾ പേ വഴി പണം തട്ടുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് ഡ്രൈവർമാർ പറയുന്നത്. ഇത്തരത്തിൽ പല രീതിയിൽ രാജ്യത്തിന്റെ പല ഭാഗത്ത് തട്ടിപ്പ് നടക്കുന്ന വാർത്തകൾ വായിക്കുന്നതിനാൽ ഇവരുടെ തട്ടിപ്പ് വളരെ വേഗത്തിൽ ആംബുലൻസ് ഡ്രൈവർമാർ മനസ്സിലാക്കുകയായിരുന്നു. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർമാർ പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.