പാലാ: ഒരു മണിക്കൂർ പെയ്യുന്ന കനത്ത മഴ ഇപ്പോൾ പാലായുടെ നിരത്തുകൾ വെള്ളത്തിനടിയിലാക്കുകയാണ്. ഇന്നലെയുണ്ടായ കനത്ത മഴയിൽ പാലാ നഗരത്തിലെ വിവിധ റോഡുകളിൽ വീണ്ടും വെള്ളം കയറി. കഴിഞ്ഞ ദിവസവും സമാനമായ സംഭവം ഉണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് പാലായിലെ റോഡുകൾ ഒറ്റ മഴയ്ക്ക് വീണ്ടും വെള്ളത്തിനടിയിലാകുന്നത്. ഒരു മണിക്കൂർ പെയ്യുന്ന മഴയിൽ റോഡുകളിൽ വെള്ളം കയറുന്നതോടെ വ്യാപാരികളും യാത്രക്കാരും ദുരിതത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഉച്ചക്ക് ശേഷം ഒറ്റപ്പെട്ട കനത്ത മഴയാണ് മേഖലയിൽ ലഭിക്കുന്നത്. ഇന്നലെയുണ്ടായ ശക്തമായ മഴയിൽ പാലാ സെന്റ് തോമസ് സ്‌കൂളിന്റെ മുൻഭാഗത്തെ റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഇതോടെ വലിയ ഗതാഗത കുരുക്കാണ് പാലാ നഗരത്തിൽ ഇന്നലെ വൈകിട്ട് ഉണ്ടായത്. അൽഫോൻസാ കോളേജിന്റെ ഭാഗത്തും കെഎസ്ആർടിസി ഭാഗത്തും വലിയ വെള്ളക്കെട്ടാണ് മഴ പെയ്യുന്നതോടെ അനുഭവപ്പെടുന്നത്. ഓടകൾ വഴി വെള്ളം കൃത്യമായി ഒഴി പോകാത്തതിനാലാണ് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് എന്ന് നാട്ടുകാർ പറഞ്ഞു. റോഡിൽ വെള്ളം കയറുന്നതോടെ ഇരുചക്ര വാഹന യാത്രികരും ഓട്ടോ ഡ്രൈവര്മാരുമാണ് കൂടുതൽ ബുദ്ധിമുട്ടു നേരിടുന്നത്. വെള്ളം കയറുന്നതോടെ കാല്നട യാത്രികരും ബുദ്ധിമുട്ടിലാണ്. എത്രയും വേഗം ദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിലാണ് നാട്ടുകാരും യാത്രക്കാരും.
ഒറ്റമഴയ്ക്ക് വീണ്ടും പാലായിലെ നിരത്തുകൾ വെള്ളത്തിനടിയിൽ, ദുരിതത്തിലായി വ്യാപാരികളും യാത്രക്കാരും.