സൗദി-ഹൂതി തർക്കത്തിനിടെ ഹൂതി വിമതർ ബന്ദികളാക്കിയ കപ്പൽ ജീവനക്കാരായ കോട്ടയം സ്വദേശിയുൾപ്പടെ മൂന്ന് മലയാളികളെ മോചിപ്പിച്ചു.


യെമൻ: സൗദി-ഹൂതി തർക്കത്തിനിടെ യെമനിലെ ഹൂതി വിമതർ ബന്ദികളാക്കിയ കപ്പൽ ജീവനക്കാരായ കോട്ടയം സ്വദേശിയുൾപ്പടെ മൂന്ന് മലയാളികളെ മോചിപ്പിച്ചു. കോട്ടയം സ്വദേശി ശ്രീജിത്ത്, ആലപ്പുഴ സ്വദേശി അഖിൽ, കോഴിക്കോട് സ്വദേശി ദിപാഷ് എന്നിവരെയാണ് മോചിപ്പിച്ചത്.

ജനുവരി രണ്ടിന് ഇവർ ഉൾപ്പടെ 11 ജീവനക്കാർ ഉണ്ടായിരുന്ന യുഎഇ ചരക്കു കപ്പൽ അൽഹുദയിൽ നിന്നും സമുദ്രാതിർത്തി ലംഘിച്ചുവെന്ന പേരിൽ ഹൂതി വിമതർ പിടിച്ചെടുക്കുകയും ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തത്. മോചനം സംബന്ധിച്ച് അറിയിപ്പ് വീട്ടുകാർക്ക് ലഭിക്കുകയും മൂവരും ബന്ധുക്കളുമായി സംസാരിച്ചതായുമായാണ് വിവരം.

ഇവരെ മോചിപ്പിക്കുന്നതിനുള്ള ശ്രമം നടന്നു വരികെയാണ് ഹൂതി വിമതർ ഇവരെ വിട്ടയച്ചത്. സൗദിയുടെ തെക്ക് ഭാഗത്ത് ജസാനിലേക്ക് ആശുപത്രി സാമഗ്രികളുമായി പോവുകയായിരുന്ന കപ്പൽ ആണ് ഹൂതി വിമതർ പിടിച്ചെടുത്തത്. മൂവരും ഉടൻ നാട്ടിലെത്തും. മൂന്നു മലയാളികൾ ഉൾപ്പടെ 7 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.