പാലാ: അമേരിക്കയിലെ ഫ്ലോറിഡാ സംസ്ഥാനത്തുള്ള ബ്രോവാർഡ് കൗണ്ടിയിലെ മുനിസിപ്പൽ നഗരമായ കൂപ്പർ സിറ്റിയും കേരളത്തിലെ അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ ഭരണങ്ങാനം ഗ്രാമ പഞ്ചായത്തുമായി അന്താരാഷ്ട്ര സൗഹൃദ പങ്കാളിത്ത ഉടമ്പടി തയ്യാറാക്കി. പങ്കാളിത്ത ഉടമ്പടി പ്രഖ്യാപനം നാളെ അമേരിക്കൻ സമയം 5.30 ന് കൂപ്പർസിറ്റി നഗരസഭ ഹാളിൽ കൂപ്പർസിറ്റി മേയർ ഗ്രേഗ് റോസ് ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രഖ്യാപന രേഖ പിന്നീട്  ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിന് കൈമാറുമെന്നു വാർത്താ സമ്മേളനത്തിൽ എംഎൽഎ മാണി സി കാപ്പൻ, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സണ്ണി എന്നിവർ പറഞ്ഞു. കൂപ്പർസിറ്റി നഗരസഭയുടെ ഇൻ്റർനാഷണൽ ഫ്രണ്ട്ഷിപ്പ് പ്രോഗം വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മാനവികതയുടെയും വികസനത്തിൻ്റെയും പുതിയ വഴി ഇതിലൂടെ തുറക്കുമെന്ന് കരുതപ്പെടുന്നു. വൈവിധ്യങ്ങളെ പ്രോൽസാഹിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര ബന്ധം ഇതിലൂടെ സാധ്യമാകും. സാംസ്കാരികം, വിദ്യാഭ്യാസം, വിവരസാങ്കേതികം, വ്യാപാരം, ടൂറിസം മേഖലകളിൽ ആഗോള ബന്ധങ്ങൾ സൃഷ്ടിക്കാൻ പദ്ധതി സഹായിക്കും. കല, ബിസിനസ്, ഇൻറർനാഷണൽ വിദ്യാഭ്യാസം, കമ്മ്യൂണിറ്റി വികസനം തുടങ്ങിയവ പ്രാദേശികതലത്തിൽ ഇരുകൂട്ടർക്കും നടപ്പാക്കാനാവും. ആജീവനാന്ത സൗഹൃദങ്ങൾ വളർത്തിയെടുത്തു സമൂഹത്തിനു സമൃദ്ധിയും സമാധാനവും സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇരു സ്ഥാപനങ്ങളും തമ്മിൽ സംസ്കാരിക വിനിമയത്തിനുള്ള നടപടികൾ സംഘടിപ്പിക്കും. വിദ്യാഭ്യാസ, സാംസ്കാരിക, വ്യവസായിക, ടൂറിസം,ബിസിനസ്  മേഖലകൾക്കു ഗുണകരമാകും വിധം ഭരണങ്ങാനത്തിൻ്റെ സാധ്യതകൾ കൂപ്പർസിറ്റി അമേരിക്കയിൽ വിളംബരം ചെയ്യും. ഇരുകൂട്ടർക്കും പ്രയോജനപ്രദമായ രീതിയിൽ അടിസ്ഥാന സൗകര്യം, മാലിന്യ സംസ്ക്കരണം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളെ മാറ്റിയെടുക്കും. സാംസ്കാരിക വിനിമയങ്ങൾ, ഓൺലൈൻ ഇടപാടുകൾ, മുഖാമുഖ മീറ്റിംഗുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തും. കൂപ്പർസിറ്റിയും ഭരണങ്ങാനം ഗ്രാമ പഞ്ചായത്തും ഇടനിലക്കാരില്ലാതെ നേരിട്ടാണ് പദ്ധതികൾ നടപ്പാക്കുന്നത്. ഇരു സ്ഥാപനങ്ങൾക്കും സാമ്പത്തിക ബാധ്യതയില്ലാതെയാവും പദ്ധതികൾ നടപ്പാക്കുക. ഭരണങ്ങാനം സ്വദേശിയും അമേരിക്കയിലെ മയാമിയിൽ താമസക്കാരനുമായ ജോയി കുറ്റിയാനിയാണ് ഇരു സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനായിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻന്മാരായ വിനോദ് ചെറിയാൻ വേരനാനി, ലിൻസി സണ്ണി, അനുമോൾ മാത്യു, പഞ്ചായത്ത് മെമ്പർ റെജി മാത്യു വടക്കേമേച്ചേരി, സെക്രട്ടറി സജിത്ത് മാത്യൂസ്, എബി ജെ ജോസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.