തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും കൂടുതൽ സുരക്ഷിതമായ ധാന്യ സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. ആദ്യ 20 കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകിയാൽ ഇതിനായുള്ള ധനസഹായം നൽകുന്നത് പരിഗണിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി തമ്പാനൂർ കെ. എസ്. ആർ. ടി. സി ടെർമിനലിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ആരംഭിക്കുന്ന വിഷു, ഈസ്റ്റർ, റംസാൻ ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ താലൂക്കുകളിലും സംഭരണ കേന്ദ്രങ്ങൾ വരുന്നതോടെ സമീപ സ്ഥലങ്ങളിലെ വിൽപ്പന കേന്ദ്രങ്ങളിലേക്ക് ഏറ്റവും വേഗത്തിലും സുരക്ഷിതമായും ഭക്ഷ്യ ഉത്പന്നങ്ങൾ എത്തിക്കാൻ സാധിക്കും. 2016 ലെ വിലയിൽ 13 ഉത്പന്നങ്ങൾ നിലവിൽ സപ്പ്‌ളൈകോ വഴി നൽകുന്നുണ്ട്. വിലക്കയറ്റം തടയുന്നതിനായി ബജറ്റിൽ പ്രത്യേക പരിഗണന നൽകിയത് സാധാരണക്കാരന് ഏറെ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുന്നതിനും മായമില്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനും സംസ്ഥാന ഭക്ഷ്യ വകുപ്പ് ശ്രമകരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു. ഏപ്രിൽ 11 നു ആരംഭിക്കുന്ന വിഷു, ഈസ്റ്റർ, റംസാൻ ഫെയർ മെയ് 5 വരെ തുടരും. ന്യായവിലയിൽ ഗുണമേൻമയുള്ള ഉത്പന്നങ്ങളാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ലഭിക്കുക. സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സഞ്ജീവ് പട്ജോഷി, തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി. കെ രാജു, മേഖലാ മാനേജർ ജലജ ജി. എസ് റാണി തുടങ്ങിയവർ സംസാരിച്ചു.
എല്ലാ താലൂക്കുകളിലും ധാന്യ സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കും; മന്ത്രി ജി ആർ അനിൽ.

Next
കോട്ടയം ജില്ലയിലും ഇനി സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറിയുടെ സേവനം ലഭ്യമാകും, എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം.
