ചങ്ങനാശേരി: കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പറയുന്ന കേരളാ റെയില്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഒരു തരത്തിലുള്ള അനുമതിയും നല്‍കിയിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനായക് കുമാര്‍ തൃപാഠി അദ്ദേഹത്തിന്‍റെ ചേമ്പറില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയാതായി കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ നിലവിലുള്ള റെയില്‍വേ പാതയില്‍ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തിയും പാത ഇരട്ടിപ്പിക്കലിന്‍റെ അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയും, ആലപ്പുഴ വഴിയുള്ള കായംകുളം- എറണാകുളം തീരദേശ പാതയുടെ അമ്പലപ്പുഴ മുതല്‍ എറണാകുളം വരെയുള്ള ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയും, കോട്ടയം എറണാകുളം പാതയില്‍ ചിങ്ങവനം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കിയും, എറണാകുളം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെ മൂന്നാമതൊരു ട്രാക്ക് നിര്‍മ്മിച്ചും കേരളത്തിലെ ട്രെയിന്‍ ഗതാഗതത്തിന് വേഗത വര്‍ദ്ധിപ്പിക്കാനാണ് റെയില്‍വേ പദ്ധതി തയ്യാറാക്കിയിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
400 വന്ദേ ഭാരത ട്രെയിനുകള്‍ ഓടി തുടങ്ങുമ്പോള്‍ കേരളത്തിന് പ്രത്യേക പരിഗണന ഉറപ്പാക്കുമെന്നും ചെയര്‍മാന്‍ ഉറപ്പ് നല്‍കി. കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ 49 ശതമാനം ഇക്വിറ്റി വെറും സാങ്കേതികം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈനിന് വേണ്ടി കെ-റെയില്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ പ്രാഥമിക ഡി.പി.ആര്‍ സതേണ്‍ റെയില്‍വേ പരിശോധിച്ച ശേഷം തള്ളിക്കളഞ്ഞതാണെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞതായി എം പി പറഞ്ഞു. കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ എല്ലാ വശങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. പരിസ്ഥിതി-സാമൂഹിക ആഘാത പഠനങ്ങളുടെ പേരില്‍ കെ-റെയില്‍ കോര്‍പ്പറേഷന്‍ അലൈന്‍മെന്‍റ് കുറ്റികള്‍ സ്ഥാപിക്കുന്നതില്‍ ഇന്ത്യന്‍ റെയില്‍വേക്ക് യാതൊരു പങ്കുമില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ കെ-റെയിലിനെതിരെ കേരളത്തിലെമ്പാടും ഉടലെടുത്ത സംഘര്‍ഷങ്ങളുടെ വീഡിയോ ക്ലിപ്പിംഗ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കൈമാറിയാതായി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പദ്ധതിക്ക് സ്ഥലമേറ്റെടുക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന് മാത്രമാണ്. ഇതില്‍ റെയില്‍വേക്ക് ഇടപെടാന്‍ കഴിയില്ല. റെയില്‍വേയുടെ അധീനതയിലുള്ള ഭൂമിയില്‍ കല്ലിട്ടാല്‍ അപ്പോള്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. കെ-റെയില്‍ കോര്‍പ്പറേഷന്‍ റെയില്‍വേ മന്ത്രാലയത്തിന്‍റെ മുന്നില്‍ കൊണ്ടുവന്ന സില്‍വര്‍ ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്ന് തുടക്കം മുതല്‍ റെയില്‍വേ മന്ത്രാലയം അറിച്ചിരുന്നതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ചില ചര്‍ച്ചകളില്‍ റെയില്‍വേ ഉദ്യോഗസ്ഥന്മാര്‍ പങ്കെടുത്തെങ്കിലും റെയില്‍വേ മന്ത്രാലയം ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. കെ-റെയില്‍ കോര്‍പ്പറേഷന്‍റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് റെയില്‍വേ പരിശോധിച്ച് കേന്ദ്ര കാബിനറ്റ് സബ് കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്തതിന് ശേഷം കാബിനറ്റ് സബ് കമ്മിറ്റിയുടെ അനുവാദം കിട്ടിയാല്‍ മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കാന്‍ കഴിയൂ. ചെയര്‍മാനെ കൂടാതെ കെ -റെയില്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന റെയില്‍വേ ബോര്‍ഡിന്‍റെ വര്‍ക്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ധനഞ്ജയകുമാര്‍, എം.റ്റി.പി ഡയറക്ടര്‍ ദിലീപ് കുമാര്‍ മിശ്ര എന്നിവരും എം പി ക്കൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.