കോട്ടയം: കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മിനി മെഡിക്കല്‍ കോളജ് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി പറഞ്ഞു. കിഫ്ബിയുടെ സഹായത്തോടെ 219.90 കോടി രൂപ ചെലവില്‍ ആശുപത്രിക്ക് ബഹു നില കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന കിഫ്ബി കോർ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നുഅവർ.
പത്ത് നിലകളുള്ള കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 288 വാര്‍ഡുകള്‍, 63 ഐ.സി.യു., 34 ഐസൊലേഷന്‍/പേവാര്‍ഡുകള്‍, ആറ് എന്‍.ഐ.സി.യു. ഉള്‍പ്പെടെ 391 കിടക്കകളും 10 ഓപ്പറേഷന്‍ തീയറ്ററുകളും സി.റ്റി., എം.ആര്‍.ഐ., എക്‌സ്‌റേ, മാമ്മോഗ്രാഫി സൗകര്യങ്ങളും ബ്ലഡ് ബാങ്ക്, ട്രോമാ കാഷ്വാലിറ്റി, ബേണ്‍സ് യൂണിറ്റ്, ഫാര്‍മസി,മോര്‍ച്ചറി തുടങ്ങിയ സംവിധാനങ്ങൾ 286850 ചതുരശ്രയടി വിസ്തീർണ്ണമുള്ള പുതിയ കെട്ടിടത്തിൽ ഉണ്ടാകും. രണ്ടു ഘട്ടങ്ങളിലായാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. ആദ്യഘട്ടത്തിൽ 391 കിടക്ക സൗകര്യവും അനുബന്ധ സജ്ജീകരണങ്ങളും ആശുപത്രി കോമ്പൗണ്ടിലെ റോഡ് വികസനവും 160 കെ.എല്‍. സംഭരണശേഷിയുള്ള മഴവെള്ള സംഭരണിയുടെയും 3.5 കോടിയുടെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാൻ്റ് നിർമ്മാണവും പൂർത്തീകരിക്കും.
രണ്ടാം ഘട്ടത്തിൽ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, 222 കാറുകള്‍ക്ക് ഒരേ സമയം പാര്‍ക്കു ചെയ്യുന്നതിന് യന്ത്രവത്കൃത പാര്‍ക്കിംഗ് സൗകര്യം, ബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാതകള്‍, ജീവനക്കാര്‍ക്കുള്ള താമസ സൗകര്യം തുടങ്ങിയവ സജ്ജമാക്കും. ബഹു നില കെട്ടിട നിർമ്മാണത്തിനുള്ള സ്ഥലപരിമിതി പരിഹരിക്കുന്നതിന് നിലവിലെ 7,8,10,11,12 വാര്‍ഡുകള്‍, ഓഫീസ് അനക്‌സ്, ഫാമിലി പ്ലാനിംഗ് കെട്ടിടം, വാട്ടര്‍ ടാങ്ക്, ഭൂമിക, എന്‍.പി.പി.സി.ഡി കെട്ടിടം, ജില്ലാ മാനസിക ആരോഗ്യ പരിപാടി കെട്ടിടം, മോര്‍ച്ചറി, പ്രിസണ്‍ സെല്‍, പവ്വര്‍ ലോണ്‍ട്രി, കെ.എം.എസ്.സി.എല്‍. കെട്ടിടം എന്നിവ പൊളിച്ചു മാറ്റും.
കോമ്പൗണ്ടിലെ 37 മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളില്‍ ചേര്‍ന്ന യോഗത്തിൽ കിഫ്ബി നോഡല്‍ ഓഫീസര്‍ ഡോ. എ.ആര്‍. ഭാഗ്യശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിർമ്മാണ ഏജൻസി (ഇന്‍കല്‍ ലിമിറ്റഡ്) ചീഫ് എഞ്ചിനീയര്‍ വിനോദ്കുമാര്‍ പദ്ധതി രൂപരേഖ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. ശരത്, സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. പുഷ്പമണി, മഞ്ജു സുജിത്ത്, ജെസ്സി ഷാജന്‍, അംഗങ്ങളായ ഹൈമി ബോബി, പി.ആര്‍.അനുപമ, ശുഭേഷ് സുധാകര്‍, കെ.വി.ബിന്ദു, പി.എം. മാത്യു, ഹേമലത പ്രേംസാഗര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.പ്രിയ, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ബിന്ദുകുമാരി, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.