കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്‌കാരത്തിന് അർഹയായി കോട്ടയം കിടങ്ങൂർ സ്വദേശിനി ഷീലാ റാണി.


കിടങ്ങൂർ: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്‌കാരത്തിന് അർഹയായി കോട്ടയം കിടങ്ങൂർ സ്വദേശിനി ഷീലാ റാണി. രാജ്യത്തെ പരമോന്നത നേഴ്സിംഗ് പുരസ്കാരമായ 2021ലെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ആണ് കോട്ടയം കിടങ്ങൂർ സ്വദേശിനി വൈക്കത്തുശ്ശേരിൽ ജയചന്ദ്രന്റെ ഭാര്യ ഷീലാ റാണി കരസ്ഥമാക്കിയിരിക്കുന്നത്.

രാജ്യത്ത് ആദ്യമായിട്ടാണ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നഴ്സുമാരെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡിലേക്ക് പരിഗണിക്കുന്നത്‌. കേരളത്തിൽ നിന്ന് ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ അംഗീകാരം ലഭിച്ച ഏക വ്യക്തിയും ആദ്യ വ്യക്തിയുമാണ് കിടങ്ങൂർ സ്വദേശിനിയായ ഷീല റാണി. കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് സാന്ത്വന പരിചരണ വിഭാഗത്തിൽ നേഴ്സായി ജോലി ചെയ്യുകയാണ് ഷീലാ റാണി.

കേരളത്തിൽ നിന്നും ഇത്തവണ രണ്ടു പേരാണ് പുരസ്‌കാരത്തിന് അർഹരായത്. ഷീലാ റാണിക്കൊപ്പം കൊല്ലം ജില്ലാ ആശുപത്രിയിലെ നേഴ്‌സിങ് സൂപ്രണ്ട് കൊല്ലം കുര്യപ്പള്ളി സ്വദേശി സൂസൻ ചാക്കോയുമാണ് പുരസ്‌കാരത്തിന് അർഹരായത്. അടുത്തമാസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുവർക്കും ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് സമ്മാനിക്കും. ഇതിനോടകം തന്നെ പെയിൻ ആൻഡ് പാലിയേറ്റീവ് സാന്ത്വന പരിചരണ വിഭാഗത്തിലെ സേവനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റേതടക്കം പുരസ്കാരങ്ങൾ ഷീലാ റാണിയെ തേടിയെത്തിയിരുന്നു. അർച്ചന,അക്ഷയ്, ജഗന്നാഥൻ എന്നിവരാണ് മക്കൾ.