തിരുവനന്തപുരം: ഔദ്യോഗിക ചുമതലയ്ക്കിടയിൽ കോർപ്പറേഷന്റെ സൽപ്പേര് വർദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച അഞ്ച് ജീവനക്കാരെ കെഎസ്ആർടിസി ആദരിച്ചു. 2021 ഒക്ടോബർ 16 ന് പുല്ലുപാറയിലെ ഉരുൽപൊട്ടൽ സമയത്ത് മലവെള്ള പാച്ചലിൽപ്പെട്ട 3 അംഗ ഗുജറാത്തി കുടുംബത്തെ രക്ഷിക്കുന്നതിന് നേതൃത്വം നൽകിയ എരുമേലി ഡിപ്പോയിലെ ഡ്രൈവർ തോമസ് കെ.ടി, കണ്ടക്ടർ ജയിസൻ ജോസഫ്, 2018 ആഗസ്റ്റിന് 15 ന് സ്വന്തം വീട് വെള്ളത്തിൽപെട്ടിട്ടും റാന്നി യൂണിറ്റിൽ വെള്ളം പൊങ്ങിയപ്പോൾ 8 ബസുകൾ സുരക്ഷിത സ്ഥാനത്ത് മാറ്റുകയും 6 പേരുടെ ജീവൻ രക്ഷിക്കാൻ ഫയർ ഫോഴ്സ് കാരോട് ചേർന്ന് പ്രവർത്തിക്കുകയും ചെയ്ത റാന്നി യൂണിറ്റിലെ മെക്കാനിക് മഹേഷ് പി.ജി, കോവിഡിന് ശേഷം യാത്രക്കാരെ കൂട്ടുന്നതിന് വേണ്ടി സ്വന്തം ചിലവിൽ തമിഴിലും ഇംഗ്ലീഷിലും നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്ത എറണാകുളം യൂണിറ്റിലെ ഡ്രൈവർ അനീഷ് ടി.പി, 2021 ഏപ്രിൽ 21 ന് എരുമേലി പാലക്കാട് സർവ്വീസ് സമയത്ത് റോഡ് സൈഡിൽ ബൈക്ക് അപകടപ്പെട്ട് കിടന്ന യുവാക്കളെ രക്ഷിക്കാൻ ശ്രമിച്ച എരുമേലി യൂണിറ്റിലെ ഡ്രൈവർ പൊന്നൂസ് കെ.സി എന്നിവരെയാണ് ആദരിച്ചത്. കെഎസ്ആർടിസിക്ക് വേണ്ടി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പുരസ്കാരങ്ങളും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു, സിഎംഡി ബിജുപ്രഭാകർ ഐഎഎസ് തുടങ്ങിയവർ പങ്കെടുത്തു. പൊതുജനങ്ങളുമായി നിരന്തരം മാതൃകാപരമായി പെരുമാറുന്ന ജീവനക്കാരാണ് കെഎസ്ആർടിസിയുടെ കരുത്ത് എന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസിയിലെ മാതൃകാപരമായി പ്രവർത്തിച്ചവരെ ആദരിക്കുന്നവരുടെ നൻമ നിറഞ്ഞ പ്രവർത്തനങ്ങൾ മാതൃകയാക്കേണ്ടതാണെന്നും ഇവരെ മാതൃകയാക്കാൻ മറ്റുള്ളവർക്കും കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു.
മാതൃകാ ജീവനക്കാരെ കെഎസ്ആർടിസി ആദരിച്ചു! കോട്ടയം ജില്ലയിലെ എരുമേലി ഡിപ്പോയിലെ 3 ജീവനക്കാർക്ക് ആദരം.