കോട്ടയം: കോട്ടയം ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഫയല്‍ അദാലത്ത് ആരംഭിച്ചു. ഗ്രാമ/ബ്ലോക്കു പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഫയല്‍ അദാലത്ത് ആരംഭിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന അവലോകന പരിപാടിയായ തദ്ദേശകം-2022 ന്റെ തുടര്‍പരിപാടിയുടെ ഭാഗമായാണ് അദാലത്ത് നടത്തുന്നത്. തദ്ദേശ സ്ഥാപന തലത്തിൽ രൂപീകരിച്ചിട്ടുള്ള അദാലത്ത് സമിതിയാണ് നേതൃത്വം നൽകുന്നത്. ഏപ്രിൽ 26 വരെ നടത്തുന്ന അദാലത്ത് പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് സമിതി ജില്ലാതല അധ്യക്ഷ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിര്‍മ്മല ജിമ്മി അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പുമായി ബന്ധപ്പെട്ടും ജനങ്ങളുടെ ആവശ്യങ്ങൾ നടത്തികിട്ടുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ജനങ്ങൾക്കുണ്ടെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പ് ഓഫീസുകളിലും സംഘടിപ്പിക്കുന്ന അദാലത്തുകളിൽ പങ്കെടുത്ത് പ്രശ്നപരിഹാരം തേടണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. 2022 ജനുവരി 31 വരെ സ്വീകരിച്ച പരാതികളും ആരംഭിച്ച ഫയലുകളും തീർപ്പാക്കാത്തതായി ഉണ്ടെങ്കിൽ അവയെല്ലാം വർഷം തിരിച്ചും കാറ്റഗറി തിരിച്ചും ഓഫീസ് അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയുമാണ് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത്. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള വിവിധ തലങ്ങളിലാണ് അദാലത്തുകൾ നടത്തുന്നത്. ഓഫീസ് തലത്തിലും ജില്ലകൾക്കും സംസ്ഥാനത്തും ഫയൽ അദാലത്ത് നടത്തുന്നതിന് നോഡൽ ഓഫീസർമാരെ നോമിനേറ്റ് ചെയ്തിട്ടുണ്ട്. കെട്ടിക്കിടക്കുന്നതും തീർപ്പ് കൽപ്പിക്കാത്തതുമായ എല്ലാ ഫയലുകളും അതാത് ഓഫീസിൽ തീർപ്പാക്കാനും ഉയർന്ന ഓഫീസുകളിലേക്കുള്ളവ കൈമാറി റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.