ഈസ്റ്റർ ദിനത്തിൽ സുഹൃത്തിന്റെ വീട്ടിൽ അതിഥിയായി എത്തി, എരുമേലിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട വയോധികയ്ക്കും പേരക്കുട്ടിക്കും രക്ഷകനായി സെലിബ്രിറ്റ


എരുമേലി: ഈസ്റ്റർ ദിനത്തിൽ എരുമേലിയിലെ സുഹൃത്തിന്റെ വീട്ടിൽ അതിഥിയായി എത്തിയതായിരുന്നു സെലിബ്രിറ്റി ഫോട്ടോഗ്രാഫറും ക്യാമറാമാനുമായ മഹാദേവൻ തമ്പി. എന്നാൽ ഇദ്ദേഹത്തിന്റെ ഈ വരവ് രണ്ടു പേർക്കാണ് ജീവൻ തിരികെ നൽകിയത്. എരുമേലി ഇടകടത്തിയിൽ ബന്ധുവീട്ടിൽ എത്തിയ ഭാർഗ്ഗവിക്കും പേരക്കുട്ടി ജയമാധവിനുമാണ് മഹാദേവൻ തമ്പിയുടെ കൃത്യമായ ഇടപെടലിൽ രണ്ടാം ജന്മം കിട്ടിയത്. സുഹൃത്തിന്റെ വീട്ടിൽ എത്തിയ മഹാദേവൻ തമ്പിയും സുഹൃത്ത് ബിപിനും ചേർന്ന് ബിപിന്റെ സഹോദരി അച്ചുവിന്റെ വീട്ടിൽ എത്തിയിരുന്നു. ഇവിടെയെത്തിയ സഹോദരിയുടെ ബന്ധുവായ ഭാർഗവിയും പേരക്കുട്ടികളായ ജയമാധവിനെയും ആവണിയെയും കൂട്ടി കുളിക്കുന്നതിനായി സമീപത്തെ പമ്പയാറ്റിൽ പോവുകയായിരുന്നു. ഇതിനിടെ കുളിക്കാനിറങ്ങിയ ഭാർഗവിയും പേരക്കുട്ടി ജയമാധാവും ഒഴുക്കിൽപ്പെടുകയായിരുന്നു. സംഭവം കണ്ടു ആവണി ഓടിയെത്തി ഇരുവരും ഒഴുക്കിൽപ്പെട്ട വിവരം ഇവരെ അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ ഭാർഗ്ഗവിയുടെ മകൻ അനൂപ് തളർന്നു വീണു. ആവണി പറഞ്ഞത് കേട്ട് ഒട്ടും സമയം പാഴാക്കാതെ മഹാദേവൻ തമ്പി ഓടിയെത്തി ആറ്റിലേക്ക് ചാടുകയായിരുന്നു. ആദ്യം ജയമാധവിനെ കരയിൽ എത്തിച്ചു. അപ്പോഴേക്കും നാട്ടുകാരനും ഇവരുടെ ബന്ധുവുമായ സുധൻ എത്തുകയും ഇരുവരും ചേർന്ന് ഭാർഗവിയെ കരയിൽ എത്തിക്കുകയും തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. മഹാദേവൻ തമ്പിയുടെ കൃത്യസമയത്തെ ഇടപെടലാണ് ഇരുവർക്കും പുതുജന്മം നൽകിയത്. ഈസ്റ്റർ ദിനത്തിൽ അതിഥിയായി എത്തി പുതുജന്മം നൽകിയത് വലിയ ദൈവാനുഗ്രഹമായാണ് വീട്ടുകാരും ബന്ധുക്കളും മഹാദേവൻ തമ്പിക്ക് നന്ദി പറഞ്ഞത്.