കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയും ആലപ്പുഴ ജില്ലാ കളക്ടറുമായ രേണുരാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു.


ചങ്ങനാശ്ശേരി: കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയും ആലപ്പുഴ ജില്ലാ കളക്ടറുമായ ഡോ.രേണുരാജും ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരളാ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ എം ഡിയുമായ ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു.

വരുന്ന ഞായറാഴ്ച്ച എറണാകുളം ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽവെച്ച് വിവാഹം നടക്കും. ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാകും പങ്കെടുക്കുക. ആലപ്പുഴയുടെ 53 മത് ജില്ലാ കളക്ടറായാണ് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി ഡോ.രേണുരാജ് ചുമതലയേറ്റത്. ചങ്ങനാശ്ശേരി മലകുന്നം സ്വദേശി ശ്രീശൈലത്തിൽ എം കെ രാജകുമാരൻ നായരുടെയും വി എൻ ലതയുടെയും മകളായ രേണുരാജ് 2014-ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ ദേശീയതലത്തിൽ രണ്ടാം റാങ്കുകാരിയായിരുന്നു.

കോട്ടയം മെഡിക്കൽ കോളേജിലാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. ദേവികുളം,തൃശൂർ എന്നിവിടങ്ങളിൽ സബ് കലക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പ്രളയകാലത്തും കോട്ടയം ജില്ലയിൽ ജില്ലാ കളക്ടറെ സഹായിക്കുന്നതിനായി സർക്കാർ രേണുരാജിനെ നിയമിച്ചിരുന്നു. 2012 ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ ശ്രീറാം രണ്ടാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ദേവികുളം സബ് കലക്ടറായിരിക്കെ വലിയ ജനപ്രീതി നേടിയ വ്യക്തിത്വമായിരുന്നു ശ്രീറാമിന്റേത്.  ദേവികുളം സബ് കലക്ടറായിരിക്കെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി എടുത്ത വ്യക്തിയാണ് ഡോ. രേണു രാജ്. ഇരുവരും എം ബി ബി എസ് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവ്വീസിൽ പ്രവേശിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് എം ബി ബി എസ് പഠനം പൂർത്തിയാക്കിയത്.