എറണാകുളം: കുട്ടികളുടെ പ്രമേഹചികിത്സക്കായി ആരംഭിച്ച 'മിഠായി' പദ്ധതിയുടെ സേവനം എല്ലായിടത്തും നൽകുന്ന സാറ്റലൈറ്റ് സെന്ററുകൾക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനം കളമശ്ശേരി മെഡിക്കൽ കോളേജിൽ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു.
ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ പരിഷ്‌ക്കരിച്ച 'മിഠായി' കൈപ്പുസ്തകവും പ്രകാശനം ചെയ്തു. ടൈപ്പ് വൺ പ്രമേഹം ബാധിച്ച 18 വയസ്സു വരെയുള്ള കുട്ടികൾക്ക് ഇൻസുലിൻ പരിചരണം, കൗൺസിലിംഗ്, മാതാപിതാക്കൾക്കുള്ള പരിശീലനം, മറ്റു സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ എന്നിവയടങ്ങുന്ന ബൃഹദ്പദ്ധതിയാണ് കൂടുതൽ പേർക്ക് ഇനി മുതൽ പ്രാപ്യമാവുക.
നിലവിൽ കോഴിക്കോട്, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേകം സജ്ജമാക്കിയ സെന്‍ററുകളിലാണ് 'മിഠായി' സേവനം. സേവനം ലഭ്യമല്ലാത്ത ഒമ്പതു ജില്ലകളിൽ ഇനി സാറ്റലൈറ്റ് സെന്‍ററുകള്‍ വഴി സേവനം ലഭിക്കും.