കോട്ടയം: കോവിഡ് പ്രതിസന്ധികളുടെ ഒന്നാം തരംഗവും രണ്ടാം തരംഗവും ഒഴിയുമ്പോഴും പ്രതിസന്ധികൾ ഒഴിയാതെ ജില്ലയിലെ സ്വകാര്യ ബസ്സ് മേഖല. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വെച്ച ബസ്സ് സർവ്വീസുകൾ പുനരാരംഭിച്ചപ്പോഴും ജില്ലയിൽ ഇതുവരെ 225 ബസ്സുകൾ സർവ്വീസ് ആരംഭിക്കാനാകാതെ കട്ടപ്പുറത്ത് തന്നെയാണ്. കോവിഡ് തീർത്ത പ്രതിസന്ധികളിൽ നിന്നും അറ്റകുറ്റപ്പണികൾ നടത്തിയോ, പുതിയതോ സെക്കൻഡ് ഹാൻഡ് ബസ്സോ എടുത്ത് സർവ്വീസ് നടത്താനാകാതെ പ്രതിസന്ധി നേരിടുകയാണ് ബസ്സ് ഉടമകൾ. കോവിഡ് വ്യാപനത്തിന് മുൻപ് കോട്ടയം ജില്ലയിൽ കേരളാ പ്രൈവറ്റ് ബസ്സ് അസോസിയേഷന്റെ കീഴിൽ സർവ്വീസ് നടത്തിയിരുന്നത് 1050 ബസ്സുകളായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധികളിൽ അവസാനിപ്പിച്ച സർവ്വീസ് തുടരാൻ സാധിച്ചത് 775 ബസ്സുകൾക്ക് മാത്രമാണ്. പ്രതിസന്ധികളും വിവിധ കാരണങ്ങളാലും 225 ബസ്സുകൾക്ക് ഇപ്പോഴും സർവ്വീസ് ആരംഭിക്കാനായിട്ടില്ല. നിലവിൽ സർവ്വീസ് നടത്തുന്ന മിക്ക സ്വകാര്യ ബസുകളുടെയും ചില ട്രിപ്പുകൾ യാത്രാക്കാർ കുറവാണ്. ദിവസേനയുള്ള ഇന്ധന വില വർധനവും മേഖലയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. യാത്രക്കാരുടെ കുറവ് അവധി ദിവസങ്ങളിൽ സ്വകാര്യ ബസ്സുകളെ കൂടുതലായി ബാധിക്കുന്നുണ്ട്. ചെലവിനുള്ള പണം പോലും ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ നിരവധി ബസ്സുകൾ ഞായറാഴ്ച്ച ദിവസങ്ങളിൽ സർവ്വീസ് നടത്താറില്ല. മലയോര മേഖലകളിലേക്കും ഗ്രാമീണ മേഖലകളിലേക്കുമുള്ള സർവ്വീസുകൾ പലതും നിന്നുപോയിട്ടുണ്ട്.
കോവിഡ് പ്രതിസന്ധികളിൽ നിന്നും കരകയറാനാകാതെ ജില്ലയിലെ സ്വകാര്യ ബസ്സ് മേഖല, സർവ്വീസ് ആരംഭിക്കാനാകാതെ 225 ബസ്സുകൾ!