കോട്ടയം : കോട്ടയം ജില്ലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിക്കുന്ന കലോത്സവത്തിന് തുടക്കമായി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക ജീവിതത്തിലെ പിരിമുറുക്കങ്ങളിൽ നിന്ന് ജീവനക്കാർക്ക് ആശ്വാസം ലഭിക്കുന്നതിനും കഴിവുകൾ പ്രകടിപ്പിക്കുന്നതിനും കലോത്സവം സഹായകരമാകുമെന്ന് കളക്ടർ പറഞ്ഞു. ഏപ്രിൽ 29 വരെ നടക്കുന്ന കലോത്സവത്തിൽ അഞ്ച് വേദികളിലായി 29 ഓളം കലാ-കായിക മത്സരങ്ങളിൽ ജീവനക്കാർ മാറ്റുരയ്ക്കും. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എ.ഡി.എം ജിനു പുന്നൂസ്, പാലാ ആർ.ഡി.ഒ പി.ജി രാജേന്ദ്ര ബാബു , ആർ. ആർ ഡെപ്യൂട്ടി കളക്ടർ അനിൽ ഉമ്മൻ, പുഞ്ച സ്പെഷ്യൽ ഓഫീസർ സോളി ആന്റണി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ്, എൽ. ആർ ഡെപ്യൂട്ടി കളക്ടർ ഫ്രാൻസിസ് പി. സാവിയോ, സർവേ സൂപ്രണ്ട് എ.കെ സത്യൻ, ഫിനാൻസ് ഓഫീസർ എം.എസ് ഷാജി തുടങ്ങിയവർ പങ്കെടുത്തു . ആദ്യ ദിനത്തിൽ കവിതാലാപനം, ഉപന്യാസ രചന, കവിതാരചന എന്നീ മത്സരങ്ങൾ നടന്നു. ജില്ലാതല വിജയികൾ സംസ്ഥാന തല റവന്യൂ കലോൽസവത്തിൽ പങ്കെടുക്കും.