താങ്ങായി തണലായി കൂടെയുണ്ടായിരുന്നവൾ, പ്രണയത്തിനുമപ്പുറം ജീവിത സഖിയായി! കേരളത്തിലെ ആദ്യ ലെസ്ബിയൻ ട്രാൻസ് ജോഡികളായി കോട്ടയം വൈക്കം സ്വദേശിനി ശ്രുതിയും ദ


കോട്ടയം: കേരളത്തിലെ ആദ്യ ലെസ്ബിയൻ ട്രാൻസ് ജോഡികളായി കോട്ടയം വൈക്കം സ്വദേശിനി ശ്രുതിയും ദയയും. മിസ് ട്രാൻസ് ഗ്ലോബൽ ലോക സൗന്ദര്യ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയ്ക്കും കേരളത്തിനും ഒപ്പം നമ്മുടെ കൊച്ചു കോട്ടയത്തിനും അഭിമാനമായി മാറിയ കോട്ടയം വൈക്കം സ്വദേശിനി ട്രാൻസ് വനിത ശ്രുതി സിത്താരയും തിയേറ്റർ ആർട്ടിസ്റ്റും എഴുത്തുകാരിയും മോഡലുമായ തൃശൂർ സ്വദേശിനി ദയ ഗായത്രിയുമാണ് കേരളത്തിലെ ആദ്യ ലെസ്ബിയൻ ട്രാൻസ് ജോഡികൾ.

ട്രാൻസ് വനിതകൾക്ക് വേണ്ടി അന്താരാഷ്ട്രതലത്തിൽ സംഘടിപ്പിച്ച സൗന്ദര്യമത്സരമായ മിസ് ട്രാൻസ് ഗ്ലോബൽ 2021 ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു  വൈക്കം സ്വദേശിനി ശ്രുതി. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞത് മുതൽ ഇരുവരും സ്ത്രീയായി മാറുകയായിരുന്നു. പിന്നീട് തങ്ങൾക്കെതിരെ നീണ്ട അവഗണയുടെ ലോകത്തിനു മുൻപിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ് ഇപ്പോൾ ഇവർ ഇരുവരും. നിരവധി പ്രതിസന്ധികളിൽ താങ്ങായും തണലായും ശ്രുതിക്ക് കൂടെയുണ്ടായിരുന്നത് ദയയായിരുന്നു. ദയയും ശ്രുതിയും പ്രണയത്തിലായിരുന്നെങ്കിലും പ്രണയത്തിനുമപ്പുറം ഇപ്പോൾ ദയയെ ജീവിത സഖിയാക്കിയിരിക്കുകയാണ് ശ്രുതി.

ഇരുവരും തങ്ങളുടെ കരിയറിനാണ് പ്രാധാന്യം നൽകുന്നത്. സൗന്ദര്യ മത്സരത്തിന്റെ ലോക വേദിയായ മിസ് ട്രാൻസ് ഗ്ലോബൽ 2021 സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു ശ്രുതി മാത്രമാണുണ്ടായിരുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസ് വനിതകളാണ് മത്സരത്തിൽ പങ്കെടുത്തത്. രണ്ടാം സ്ഥാനം ഫിലിപ്പിയൻസിൽ നിന്നുള്ള ട്രാൻസ് വനിതയ്ക്കും മൂന്നാം സ്ഥാനം കാനഡയിൽ നിന്നുള്ള ട്രാൻസ് വനിതയ്ക്കും ലഭിച്ചു. 8 മാസത്തിലധികമായി നീണ്ടു നിന്ന വിവിധതലങ്ങളിലുള്ള മത്സരങ്ങൾക്ക് ശേഷമാണ് വിജയിയെ പ്രഖ്യാപിച്ചിരുന്നത്. അവഗണനയുടെയും പരിഹാസം നിറഞ്ഞ നോട്ടങ്ങൾക്കുമപ്പുറം നേട്ടങ്ങൾ സ്വന്തമാക്കാൻ കുതിച്ച ശ്രുതി ഇന്ന് സന്തോഷവതിയാണ്.

അവഗണിച്ചവർ പോലും ഇന്ന് എന്റെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷവും അതിലുമുപരി അഭിമാനവുമുണ്ടെന്നു ശ്രുതി പറഞ്ഞു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി കഴിഞ്ഞ വർഷം മുതലാണ് മിസ് ട്രാൻസ് ഗ്ലോബൽ സൗന്ദര്യ മത്‌സരം ആരംഭിച്ചത്. ലണ്ടൻ കേന്ദ്രീകരിച്ച് വെർച്വലായാണ് സൗന്ദര്യ മത്‌സരം നടന്നത്. മിസ് ട്രാൻസ് ഗ്ലോബൽ ഇന്ത്യ 2021 ടൈറ്റിൽ ലഭിച്ചതോടെയാണ് ശ്രുതി സിത്താരയ്ക്ക് മിസ് ട്രാൻസ് ഗ്ലോബൽ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമുള്ള നിരവധി ട്രാൻസ് വനിതകളാണ് രാജ്യതലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്തത്. എറണാകുളം ചക്കരപ്പറമ്പിൽ താമസിക്കുന്ന ശ്രുതിയുടെ സ്വദേശം വൈക്കമാണ്.

കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് തനിക്ക് തന്റെ ഇഷ്ടങ്ങൾക്കൊപ്പം സഞ്ചരിക്കാനാകുന്നതെന്നും വിജയങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്നതെന്നും ശ്രുതി പറഞ്ഞു. പവിത്രനും പരേതയായ രാധയുമാണ് ശ്രുതിയുടെ മാതാപിതാക്കൾ. ശ്രുതിയുടെ സ്‌കൂൾ വിദ്യാഭ്യാസം കോട്ടയം വടവാതൂർ ജവഹർ നവോദയ സ്‌കൂളിലായിരുന്നു. എറണാകുളം സെന്റ്.ആൽബെർട്സ് കോളേജിൽ നിന്നും ബികോം ബിരുദവും ശ്രുതി സ്വന്തമാക്കിയിട്ടുണ്ട്. ക്വീൻ ഓഫ് ദയ 2018 ലും ശ്രുതി ടൈറ്റിൽ നേടിയിട്ടുണ്ട്. നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ സമൂഹമാധ്യമങ്ങളിലടക്കം നിരവധി കളിയാക്കലുകൾ നേരിട്ടതിനെ തുടർന്നാണ് സാമൂഹിക നീതി വകുപ്പിലെ പ്രൊജക്റ്റ് അസിസ്റ്റന്റ് ജോലിയിൽ നിന്നും മോഡലിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നു ശ്രുതി പറഞ്ഞു.

മോഡലിങിനൊപ്പം അഭിനയത്തിലും സജീവമാണ് ഇന്ന് ശ്രുതി. നിരവധിപ്പേരുമായി അഭിപ്രായങ്ങൾ പങ്കുവെച്ചതും ആശയങ്ങൾ സ്വീകരിച്ചുമാണ് മത്സരത്തിനായി ഒരുങ്ങുന്നതെന്നു ശ്രുതി പറഞ്ഞു. എല്ലാവർക്കുമൊപ്പം സമൂഹത്തിനൊപ്പം ഒന്നായി നടക്കാനാണ് തങ്ങളെപ്പോലുള്ളവരും ആഗ്രഹിക്കുന്നത് എന്നും ഇരുവരും പറഞ്ഞു. തങ്ങളുടെ കമ്മ്യൂണിറ്റിയിൽ പലരും ഇപ്പോഴും നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്, അവർക്ക് ആവശ്യമായ സഹായം നൽകി ഒപ്പം നിൽക്കുമെന്നും വിവാഹിതരായി ജീവിക്കാൻ താത്പര്യമുള്ളവർക്കായി ശബ്ദമുയർത്തുക തന്നെ ചെയ്യുമെന്നും ഇരുവരും പറഞ്ഞു. ശ്രുതിയും ദയയും ഇപ്പോൾ എറണാകുളത്താണ് താമസം. തൃശൂർ സ്വദേശിനിയായ ദയ ഗായത്രി എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും മലയാളം സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞു പുതു നിയമങ്ങൾ എഴുതി ചേർക്കുകയാണ് ഈ പുതിയ പ്രതിനിധികൾ. ഇരുവരും ലിവിങ് ടുഗെദറിലാണ്, ഇപ്പോഴാണ് ഈ വിവരം എല്ലാവരെയും അറിയിച്ചത്. ''സമൂഹത്തിൽ ഞങ്ങൾക്കെതിരെ വരുന്ന കുത്തുവാക്കുകളും പരിഹാസങ്ങളും ഞങ്ങൾ കണക്കിലെടുക്കാറില്ല, ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതമാണ് വലുത്, തീരുമാനങ്ങൾ ഞങ്ങളുടേതാണ്''-ശ്രുതി,ദയ