തടസ്സങ്ങൾ നീങ്ങി, വൈക്കം വെച്ചൂർ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു; സി.കെ ആശ.


വൈക്കം: തടസ്സങ്ങൾ നീങ്ങിയതോടെ നാളുകളായി തകർന്നു കിടന്നിരുന്ന വൈക്കം വെച്ചൂർ റോഡ് നിർമ്മാണം ആരംഭിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ വൈക്കത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി അനുവദിച്ച നിരവധി വൻ പദ്ധതികളിൽ ഒന്നാണ് വൈക്കം വെച്ചൂർ റോഡ് വികസനം. നൂറു കോടി രൂപ ചെലവ് വരുന്ന പ്രസ്തുത പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ് എന്ന് വൈക്കം എംഎൽഎ സി.കെ ആശ പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പിനായി വൈക്കം വെച്ചൂർ റോഡ്, പിഡബ്ല്യുഡി, കെ ആർ എഫ് ബി ക്ക് കൈമാറിയ ഘട്ടത്തിലാണ് കഴിഞ്ഞ ജൂൺ-ജൂലൈ മാസത്തിലെ കനത്തമഴയിൽ റോഡ് തകർന്നു തുടങ്ങിയത്. അടിയന്തിര മെയിന്റനൻസ് വർക്കിനായി പണം അനുവദിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് 25 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി എന്ന് എംഎൽഎ പറഞ്ഞു. എന്നാൽ ടെൻഡർ നടപടികൾ ആരംഭിച്ച ഘട്ടത്തിലെ കോൺട്രാക്ടർമാരുടെ നിസ്സഹകരണ സമരം മൂലം വർക്ക് ഏറ്റെടുക്കാൻ ആരും മുന്നോട്ടു വരാത്ത സാഹചര്യമുണ്ടാവുകയായിരുന്നു എന്ന് എംഎൽഎ സി.കെ ആശ പറഞ്ഞു. മൂന്നു പ്രാവശ്യം ടെൻഡർ നടപടികൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. റോഡിന്റെ അവസ്ഥ കൂടുതൽ മോശമായതിനെ തുടർന്ന് കൂടുതൽ പണം അനുവദിക്കണം എന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ രണ്ടുകോടി രൂപ അനുവദിക്കുകയും ചെയ്തു. ഈ തുകയ്ക്കും ആദ്യത്തെ ടെൻഡറിൽ ആരും പങ്കെടുത്തിരുന്നില്ല എന്ന് എംഎൽഎ പറഞ്ഞു. രണ്ടാമത് നടത്തിയ ടെൻഡറിന്റെ കാലാവധി ദീർഘിപ്പിച്ച് നൽകിയപ്പോൾ ഒരാൾ ടെൻഡർ എടുക്കുകയും നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. ട്രാഫിക് തടസ്സം ഒഴിവാക്കുന്നതിനായി ടാറിങ് ജോലികൾ കൂടുതലും രാത്രികാലങ്ങളിൽ ചെയ്യുന്നതിനാണ് ഉദ്ദേശിക്കുന്നത്. ജൂണിൽ ആരംഭിക്കുന്ന മഴക്കാലത്തിന് മുൻപ് റോഡ് ടാറിങ് വർക്കുകൾ തടസ്സം കൂടാതെ നടത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് എംഎൽഎ സി.കെ ആശ പറഞ്ഞു.