കോട്ടയം: കേരളീയരുടെ പ്രിയപ്പെട്ട ചക്ക വർഷം മുഴുവൻ ഒരു നാടൻ പ്ലാവിൽ നിന്നു കിട്ടിയാലോ? അത്തരമൊരു പ്ലാവ് ഒട്ടേറെ നിരീക്ഷണത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ്


കോട്ടയം: കേരളീയരുടെ പ്രിയപ്പെട്ട ചക്ക വർഷം മുഴുവൻ ഒരു നാടൻ പ്ലാവിൽ നിന്നു കിട്ടിയാലോ? അത്തരമൊരു പ്ലാവ് ഒട്ടേറെ നിരീക്ഷണത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് കോട്ടയം മാന്തുരുത്തി സ്വദേശി രാജേഷ് കാരാപ്പള്ളിൽ.

പത്തു വർഷമായി കാർഷിക ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹം  തൻ്റെ യാത്രയ്ക്കിടയിൽ കണ്ടെത്തിയ ഒരു പ്ലാവിൽ കാലാതീതമായി ചക്കകൾ കണ്ടു. പ്ലാവിൻ്റെ ഉടമയെ സമീപിച്ച് ഇതിൻ്റെ പ്രത്യേകതകൾ മനസ്സിലാക്കി. വർഷത്തിലെ പന്ത്രണ്ട് മാസവും ചക്കകൾ വിരിയുകയും വിളയുകയും ചെയ്യുന്ന വരിക്ക ഇനം. പഴമായി കഴിച്ചാൽ മധുരമേറും. പുഴുക്കു വെയ്ക്കാനും കറിവെയ്ക്കാനും കേമൻ. പത്തു കിലോയോളം തൂക്കമുള്ള ചക്കകളിൽ നിറയെ ചുളകൾ. ഒരു കുലയിൽ മൂന്നു ചക്കകൾ വരെ വിരിയും. നാലു മാസം കൊണ്ട് പുഴുക്കു വെയ്ക്കാനും ഉപ്പേരിക്കും പാകം. അഞ്ചു മാസം മൂപ്പെത്തിയ ചക്കകൾ ശേഖരിച്ച് വച്ചിരുന്നാൽ ഒരാഴ്ച്ചകൊണ്ട് പഴുത്ത് ഹൃദ്യ മണം പരക്കുമ്പോൾ മുറിച്ച് കഴിക്കം. മൃദുവായ മഞ്ഞ  ചുളകളാണ് ഉള്ളത്. ചക്ക കുരു പൊതുവെ ചെറുതാണ്. 'കാരാപ്പള്ളി ' വരിക്ക എന്ന് പേര് നൽകിയിരിക്കുന്ന പ്ലാവ് ത്വരിത വളർച്ചയുള്ള ഇനമാണ്. ധാരാളം ശിഖരങ്ങൾ ഉണ്ടാകും. സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലത്ത് വളർത്തിയാൽ മൂന്നു വർഷത്തിനുള്ളിൽ ചക്കകൾ വിരിഞ്ഞു തുടങ്ങും. നാട്ടിൽ ചക്കകൾ സുലഭമല്ലാത്ത കാലത്ത് ഉണ്ടാകുന്ന ഇവയിലെ ചക്കകൾ വവ്വാൽ കടിച്ച് നശിപ്പിക്കാതിരിക്കാൻ  ചാക്ക് കൊണ്ട് പൊതിഞ്ഞ് സൂക്ഷിക്കണം.  കാരാപ്പള്ളി  വരിക്കയുടെ ബഡ് തൈകൾ രാജേഷ് തയ്യാറാക്കി വരുന്നു.

ഫോൺ: 9495234232