കോട്ടയം: ഡെങ്കിപ്പനി മൂലമുള്ള മരണം തടയാൻ കൊതുകു നിർമ്മാർജ്ജനത്തിൽ ജനങ്ങൾ പങ്കാളികളാകണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഞീഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്.
പഞ്ചായത്തുകൾ, കുടുംബശ്രീ, വിദ്യാർഥികൾ എന്നിവർ മാലിന്യ സംസ്ക്കരണം, പരിസര ശുചീകരണം എന്നിവയ്ക്ക് മുൻകൈയെടുക്കണമെന്നും നിർമ്മല ജിമ്മി പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഞീഴൂരിൽ നടന്ന ബോധവത്കരണ റാലി ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാല ഫ്ലാഗ് ഓഫ് ചെയ്തു. സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സുഷമ അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ ഡെങ്കിപ്പനി ദിന സന്ദേശം നൽകി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തി. കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അലക്സ് തോമസ് ആരോഗ്യ ജാഗ്രതാ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നളിനി രാധാകൃഷ്ണൻ, സ്കറിയാ വർക്കി, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീലേഖ മണിലാൽ, ലിസി ജീവൻ, ശ്രീകല ദിലീപ്, ബോബൻ മഞ്ഞളാമല, കെ.പി. ദേവദാസ്, ശരത് ശശി, ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ. ശ്യാം കുമാർ, ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, ടെക്നിക്കൽ അസിസ്റ്റന്റ് ഇ.കെ. ഗോപാലൻ, അറുനൂറ്റിമംഗലം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. റ്റി. സുധർമ്മിണി എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ, ആശാ അങ്കണവാടി പ്രവർത്തകർ, നഴ്സിംഗ് വിദ്യാർഥികൾ, തൊഴിലുറപ്പ് ഹരിത കർമ്മസേനാ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.