അനധികൃത നറുക്കെടുപ്പ് കൂപ്പൺ വില്പന തടഞ്ഞു; കോട്ടയം ജില്ലയിൽ രണ്ടു പേർക്കെതിരേ നടപടി.


കോട്ടയം: അപ്പാർട്ടുമെന്റുകൾ വിൽക്കുന്നതിനായി നിയമവിരുദ്ധമായി കൂപ്പണുകൾ അച്ചടിച്ച് നറുക്കെടുപ്പ് നടത്തുന്നതിന് ശ്രമിച്ച രണ്ടു പേർക്കെതിരേ നടപടി.



ലോട്ടറി നിയന്ത്രണ നിയമത്തിന് വിരുദ്ധമായി പ്രവർത്തിച്ച പി.എസ്. സിനുമോൾ, സി.ബി. ധനേശൻ എന്നിവർക്കെതിരേ പാമ്പാടി പോലീസിൽ പരാതി നൽകിയതായും നറുക്കെടുപ്പ് നടത്താനുള്ള നീക്കം നിർത്തിവയ്പ്പിച്ചതായും ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.എസ്. അനിൽ കുമാർ അറിയിച്ചു. രണ്ട് അപ്പാർട്ടുമെന്റുകൾ വിൽക്കുന്നതിനായി 3000 രൂപയുടെ കൂപ്പണുകൾ അച്ചടിച്ച് വിൽപ്പന നടത്തി ഓഗസ്റ്റിൽ നറുക്കെടുപ്പ് നടത്താനുള്ള നീക്കമാണ് തടഞ്ഞത്.

ലോട്ടറി നിയന്ത്രണ നിയമം-1998, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുകൾ അനുസരിച്ച് സംസ്ഥാന സർക്കാരുകൾക്ക് മാത്രമാണ് ലോട്ടറി നറുക്കെടുപ്പ് നടത്താൻ അധികാരമുള്ളൂവെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസർ അറിയിച്ചു. വ്യക്തികൾ അനധികൃതമായി നറുക്കെടുപ്പ് നടത്തുന്നത് ഒരു മാസം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ഭാഗ്യക്കുറി ഓഫീസിനെ അറിയിക്കാം. ഫോൺ: 0481 2560756,  18004258474(ടോൾഫ്രീ നമ്പർ)