സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യുബേറ്റഡ് കമ്പനികൾ ആയി മാറാനുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കി മഹാത്മാ ഗാന്ധി സർവ്വകലാശാല.


കോട്ടയം: സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യുബേറ്റഡ് കമ്പനികൾ ആയി മാറാനുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കി മഹാത്മാ ഗാന്ധി സർവ്വകലാശാല. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ  ഇൻക്യുബേഷൻ സെന്റർ കഴിഞ്ഞ ദിവസം ഉത്ഘാടനം ചെയ്തിരുന്നു. റൂസ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഏഴര കോടി രൂപ ചെലവിട്ട് രൂപീകരിച്ച എം ജി സർവ്വകലാശാലാ ഇന്നൊവേഷൻ ഫൗണ്ടേഷൻ എന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിളിനു കീഴിലാണ് ഇൻക്യുബേഷൻ സെന്റർ പൂർത്തിയായിരിക്കുന്നത്.

നവീന സംരംഭകത്വ ആശയങ്ങൾ മികച്ച വാണിജ്യ ഉത്പന്നങ്ങളായി മാറ്റുന്നതിനെ പിന്തുണക്കാനാണ്  ഭൗതിക-അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സംരംഭകത്വ ഇൻക്യുബേഷൻ  ഒരുക്കിയിരിക്കുന്നത്. മികച്ച ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ സൗകര്യങ്ങൾ, ഇൻക്യുബേറ്ററുകൾ, ലാബുകൾ, കോ-വർക്കിംഗ് സ്പേസ്, അനുബന്ധ സൗകര്യങ്ങൾ മുതലായവയാണ്  ഒരുക്കിയിരിക്കുന്നത്. നിശ്ചിത എണ്ണം സീറ്റുകൾ സ്റ്റാർട്ടപ്പുകൾക്ക് അനുവദിക്കുന്ന കോ വർക്കിംഗ് സ്പേസ് അഥവാ വർക്ക് റൂം -  ഈ മേഖലയിലുള്ള സംരംഭകർക്ക് സൗകര്യമൊരുക്കും. സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യുബേറ്റഡ് കമ്പനികൾ ആയി മാറാനുള്ള സാങ്കേതിക സൗകര്യങ്ങളും എം ജി ഒരുക്കിയിരിക്കുകയാണ്. പുറത്തുള്ള സ്റ്റാർട്ടപ്പുകൾക്കും ഈ ഇൻക്യുബേഷൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. ടെക്നോളജി ബിസിനസ്സ് ഇൻക്യുബേഷൻ സംവിധാനത്തിൽ ഹൈ പെർഫോമൻസ് കമ്പ്യൂട്ടിങ് ഇൻക്യുബേറ്റർ, മൊബൈൽ ആന്റ് വെബ് ആപ്പ് ഫാക്ടറി, ഡിജിറ്റൽ ലേണിംഗ് ആൻഡ് കണ്ടന്റ് ക്രിയേഷൻ സ്റ്റുഡിയോ, നാനോ ടെക്നോളജി ഇൻക്യുബേറ്റർ ആൻഡ് പൈലറ്റ് പ്ലാന്റുകൾ, ഡ്രൈ ആൻഡ് വെറ്റ് അനലിറ്റിക്കൽ ലാബുകൾ തുടങ്ങിയവ ഇവിടെയുണ്ട്. മൊബൈൽ വെബ് ആപ്പ് ഡവലപ്മെന്റ്, ആർടിഫിഷ്യൽ ഇന്റലിജൻസ്, ആക്സിലറേറ്റഡ് മൊബൈൽ പേജുകൾ, മോഷൻ യു ഐ, ബ്ലോക്ക് ചെയിൻ ടെക്നോളജി, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ മേഖലകളിൽ സ്റ്റാർട്ടപ്പുകൾക്ക് പൊതുസൗകര്യങ്ങളോടെയാണ് സംവിധാനം.